ന്യൂഡല്‍ഹി : സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്ന പേരില്‍ വ്യാജ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന് സുപ്രീം കോടതി രജിസ്ട്രി. ഈ വെബ്സൈറ്റില്‍ ക്ലിക്ക് ചെയ്ത് വഞ്ചിതരാകരുത് എന്നാവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രി വ്യാഴാഴ്ച പൊതു നോട്ടീസ് പുറത്തിറക്കി. വ്യാജ വെബ്‌സൈറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ഉടന്‍ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ടെക്നോളജി വിഭാഗം രജിസ്ട്രാര്‍ ഹര്‍ഗുര്‍വരിന്ദ് സിങ് ജഗ്ഗി പോലീസിന് പരാതി നല്‍കി. സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതില്‍ നിന്നും ശരിയായ പരിശോധന കൂടാതെ വിവരങ്ങള്‍ പങ്കിടുന്നതില്‍ നിന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കോടതി അഭ്യര്‍ത്ഥിച്ചു.
http://cbins/scigv.com, https://cbins.scigv.com/offence. എന്നിവയാണ് വ്യാജ വെബ്സൈറ്റുകളുടെ യു ആര്‍ എല്‍. വ്യാജ വെബ്‌സൈറ്റ് ജനങ്ങളില്‍നിന്ന് സ്വകാര്യ, രഹസ്യ വിവരങ്ങള്‍ ആരായുകയാണെന്ന് സുപ്രീം കോടതി രജിസ്ട്രി വ്യക്തമാക്കി. ഇത്തരം സൈബര്‍ കുറ്റവാളികളുടെ കൈയ്യിലേക്ക് ആരും സ്വകാര്യ, രഹസ്യ വിവരങ്ങള്‍ കൈമാറരുത്. നല്‍കുന്ന വ്യക്തി വിവരങ്ങള്‍ ചോര്‍ത്താന്‍ ഇതു വഴി ഉപയോഗിച്ചേക്കാമെന്നും രജിസ്ട്രി മുന്നറിയിപ്പ നല്‍കി. www.sci.gov.in ആണ് സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ് സൈറ്റ്. ഇതിന്റെ ആധികാരികത ഉറപ്പ് വരുത്താതെ ലിങ്കുകളില്‍ ക്ലിക് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്.
സുപ്രീം കോടതി രജിസ്ട്രി ആരുടെയും വ്യക്തിപരമോ സാമ്പത്തികമോ രഹസ്യാത്മകമോ ആയ വിവരങ്ങള്‍ ചോദിക്കാറില്ലെന്നും രജിസ്ട്രി വ്യക്തമാക്കി. വ്യാജ വെബൈറ്റിന്റെ വഞ്ചനയ്ക്ക് ഇര ആയിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ എല്ലാ ഓണ്‍ലൈന്‍ അക്കൗണ്ടുകളുടേയും പാസ്വേഡുകള്‍ മാറ്റാന്‍ രജിസ്ട്രി നിര്‍ദേശിച്ചു. ഇതിനുപുറമെ ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് കമ്പനികളെ ബന്ധപ്പെട്ട് ഇക്കാര്യം അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post