ബംഗുളൂരു: ചന്ദ്രോപരിതലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രഗ്യാന്‍ റോവറിന്റെ പുതിയ വീഡിയോ പങ്ക് വച്ച് ഐഎസ്ആര്‍ഒ. ലാന്‍ഡര്‍ പകര്‍ത്തിയ വീഡിയോയാണ് ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. ചന്ദ്രോപരിതലത്തിലെ ഗര്‍ത്തം ഒഴിവാക്കാനായി സ്വയം തിരിയുന്ന റോവറിന്റെ ദൃശ്യങ്ങളാണ് ഇവ. അമ്പിളി അമ്മാവന്റെ മുറ്റത്ത് ഓടിക്കളിക്കുന്ന കുട്ടിയായി റോവറിനേയും അത് വാത്സല്യത്തോടെ നോക്കി നില്‍ക്കുന്ന അമ്മയായി ലാന്‍ഡറിനേയും തോന്നുന്നില്ലേ എന്ന അടിക്കുറുപ്പോടെയാണ് 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ പങ്ക് വച്ചിരിക്കുന്നത്.
അതേസമയം, ചന്ദ്രയാന്‍ 3 ദൗത്യം ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചു. പ്രഗ്യാന്‍ റോവറിലുള്ള ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സറേ സ്പെട്രോമീറ്റര്‍ (എപിഎക്‌സ്എസ്) എന്ന ശാസ്ത്രീയ ഉപകരണമാണ് സള്‍ഫറിന്റെ സാന്നിധ്യം ഉറപ്പാക്കിയത്. ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയുമാണ് എപിഎക്‌സ്എസ് പരിശോധിക്കുന്നത്. ചന്ദ്രനില്‍ സള്‍ഫര്‍ രൂപപ്പെടാനിടയാക്കിയ സാഹചര്യത്തെ കുറിച്ചു വിശദീകരിക്കാന്‍ ശാസ്ത്രലോകത്തിന് ആല്‍ഫാ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പെക്ട്രോമീറ്ററിലെ ഡേറ്റകള്‍ സഹായകമാവുമെന്നാണു കരുതുന്നത്. ഇതോടെ സള്‍ഫറിന്റെ ഉത്ഭവം അന്തരീകമായാണോ, അഗ്നിപര്‍വ്വത സ്ഫോടനം വഴിയാണോ അതോ ഉല്‍ക്കകള്‍ വഴിയാണോ എന്നത് പഠിക്കാന്‍ ചന്ദ്രയാന്‍ ശാസ്ത്രജ്ഞരെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
https://twitter.com/isro/status/1697156752641536030
കഴിഞ്ഞ ദിവസം പ്രഗ്യാന്‍ റോവറിലുള്ള ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ഡൗണ്‍ സ്പെക്ട്രോസ്‌കോപ് (ലിബ്‌സ്) എന്ന ശാസ്ത്രീയ ഉപകരണമാണ് സള്‍ഫര്‍ സാന്നിധ്യം സ്ഥിരീകരിച്ചത്. ലിബ്‌സ് അലുമിനിയം, കാല്‍സ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കണ്‍, മഗ്‌നീഷ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു. ചന്ദ്രോപരിതലത്തിലെ മണ്ണില്‍ നേരിട്ട് പരീക്ഷണം നടത്തി ഇവയുടെ സാന്നിധ്യം ആദ്യമായാണ് സ്ഥിരീകരിക്കുന്നത്.
Discussion about this post