ഛണ്ഡീഗഡ്: പഞ്ചാബിൽ ഐഎസ്ഐ ഏജന്റുമാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് പോലീസ്. ഐഎസ്ഐയ്ക്കായി ചാരവൃത്തി നടത്തിയിരുന്ന ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
പാക് ഭീകരൻ ഹർവീന്ദർ സിംഗ് റിൻഡയുടെ സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നാണ് പ്രാഥമിക വിവരം. ഇക്കഴിഞ്ഞ ഏപ്രിലിൽ പട്യാലയിൽ നടന്ന ഇരട്ടക്കൊല കേസിലെ പ്രതികളാണ് ഇവർ. ഇതിന് പിന്നാലെ ഇവർ ഒളിവിൽ ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.
ഏപ്രിൽ 24 നായിരുന്നു പട്യാല നടുക്കിയ ഇരട്ടക്കൊലപാതകം. സുഹൃത്തുക്കളായ അനിൽ, നകുൽ എന്നിവരെയാണ് സംഘം കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ പട്യാലയിലെ തന്നെ രഹസ്യകേന്ദ്രത്തിൽ ഒളിവിൽ പോകുകയായിരുന്നു. ഇവരെ പിടികൂടാൻ ഇവരുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു എങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെയാണ് ഇവർ ഐഎസ്ഐയുടെ ഏജന്റുമാരാണെന്ന വിവരം ലഭിച്ചത്.
ഇതോടെ ഇവരെ പിടികൂടാനുളള നിർണായക നീക്കങ്ങൾ പോലീസ് ആരംഭിച്ചു. ഇതിനൊടുവിലായിരുന്നു ആറംഗ സംഘം പിടിയിലായത്. ഇവരുടെ പക്കൽ നിന്നും തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നതിന് ഇടയിലായിരുന്നു ഇവർ പിടിയിലായത് എന്നാണ് പോലീസ് പറയുന്നത്. രാഷ്ട്രീയ പ്രമുഖരെ ഉൾപ്പെടെ വധിക്കാനും വംശീയ കൊലകൾക്കും ഇവർ ആസൂത്രണം നടത്തിയിരുന്നു.
Discussion about this post