കോട്ടയം: കൊലക്കേസ് പ്രതിയാണ് പുതുപ്പള്ളിയിൽ യുഡിഎഫിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന സിപിഎം ആരോപണത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി. വാടിക്കൽ രാമകൃഷ്ണൻ കൊലപാതക കേസിലെ ഒന്നാംപ്രതിയാണ് പിണറായി വിജയനെന്നും അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് കൺവെൻഷന് വരാമെങ്കിൽ തനിക്കും പങ്കെടുക്കാമെന്നാണ് നിഖിൽ പൈലി പറയുന്നത്. ഞാനും കുറ്റാരോപിതൻ മാത്രമാണ്. കൊലക്കേസ് പ്രതികൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ലെങ്കിൽ പിണറായി വിജയനെയും എംഎം മണിയെയും പി ജയരാജനെയും വീട്ടിലിരുത്തിയിട്ട് പോരേ കോൺഗ്രസിനെ ഉപദേശിക്കാനെന്ന് നിഖിൽ പൈലി ചോദിക്കുന്നു.
ധീരജ് കൊലക്കേസ് പ്രതിയായ നിഖിൽ പൈലിയെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതലപ്പെടുത്തിയത് ഖേദകരമാണെന്ന് ഡിവൈഎഫ്ഐ ഇന്നലെ പറഞ്ഞിരുന്നു. നിഖിൽ പൈലിയെ മണ്ഡലത്തിലുടനീളം പ്രചാരണത്തിനു വേണ്ടി കൊണ്ടുനടക്കുന്ന യുഡിഎഫിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിയണം. യു ഡി എഫ് സ്ഥാനാർത്ഥി പോലും നിഖിൽ പൈലി പ്രചാരണം നടത്തുന്നതിനെ ന്യായീകരിക്കുകയുണ്ടായെന്ന് ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തിയിരുന്നു.
Discussion about this post