സൈബർ സഖാക്കൾക്ക് വീണ്ടും ആളുമാറി അബദ്ധം പിണഞ്ഞിരിക്കുകയാണ്. ഒരിക്കൽ മൂഡീസ് റേറ്റിങ്ങിനെ ചൊല്ലി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ടോം മൂഡിയുടെ ഫേസ്ബുക്ക് പേജിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടത്തിയവർക്ക് ഇത്തവണ മാറിപ്പോയത് ജയസൂര്യയെ ആണ്. നടൻ ജയസൂര്യയുടെ ഫേസ്ബുക്ക് പേജ് ആണെന്ന് കരുതി ഇപ്പോൾ സൈബർ ആക്രമണം നടത്തുന്നത് ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ പേജിലാണ്.
കേരളത്തിലെ നെൽകർഷകർക്ക് സർക്കാർ പണം നൽകാത്തതിനെ കുറിച്ച് കഴിഞ്ഞ ദിവസം നടൻ ജയസൂര്യ മന്ത്രിമാരെ വേദിയിൽ ഇരുത്തിക്കൊണ്ട് തന്നെ വിമർശനം ഉന്നയിച്ചിരുന്നു. കൃഷി മന്ത്രി പി. പ്രസാദ്, വ്യവസായ മന്ത്രി പി. രാജീവ് എന്നിവർ പങ്കെടുത്ത പരിപാടിയ്ക്കിടയിൽ വെച്ചായിരുന്നു ജയസൂര്യ ഓണമായിട്ടും കർഷകർ നടത്തുന്ന പട്ടിണി സമരത്തെക്കുറിച്ച് പരാമർശിച്ചത്. നെൽ കർഷകരിൽ നിന്നും സർക്കാർ നെല്ല് സംഭരിച്ച് ആറുമാസത്തിലേറെ കഴിഞ്ഞിട്ടും കർഷകർക്ക് പണം നൽകാത്തതിനെതിരെയാണ് ജയസൂര്യ വിമർശനം ഉന്നയിച്ചത്. ജയസൂര്യയുടെ ഈ പരാമർശങ്ങൾ വലിയ രീതിയിൽ വാർത്തയായതോടെ രൂക്ഷമായ സൈബർ ആക്രമണമാണ് അദ്ദേഹത്തിനെതിരായി നടക്കുന്നത്.
പക്ഷേ സൈബർ ആക്രമണത്തിനിടയിൽ ചിലർക്ക് ജയസൂര്യയെ മാറിപ്പോയതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നടൻ ജയസൂര്യ ആണെന്ന് കരുതി ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ ഫേസ്ബുക്ക് പേജിലാണ് പലരും പോയി വിമർശനങ്ങൾ ഉന്നയിക്കുന്നത്. സൈബർ സഖാക്കൾക്ക് ഇത്തരത്തിൽ ആളു മാറി അബദ്ധം പിണയുന്നത് ഇത് ആദ്യമായിട്ടല്ല. 2017 ൽ അമേരിക്ക ആസ്ഥാനമായ ആഗോള റേറ്റിങ് ഏജന്‍സി ‘മൂഡീസ്’ ഇന്ത്യയുടെ നിക്ഷേപ യോഗ്യത റേറ്റിംഗ് ഉയർത്തിയതിന് പിന്നാലെ മൂഡീസ് ആണെന്ന് കരുതി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ടോം മൂഡിയുടെ ഫേസ്ബുക്ക് പേജിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണം ആയിരുന്നു നടത്തിയത്.
Discussion about this post