ഗാന്ധിനഗർ : നാളികേര ഉൽപാദനത്തിന്റെ കാര്യത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് കിടമത്സരത്തിന് ഒരുങ്ങുകയാണ് ഗുജറാത്ത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഗണ്യമായ വളർച്ചയാണ് ഗുജറാത്തിലെ തെങ്ങുകൃഷിയിലും നാളികേര ഉത്പാദനത്തിലും ഉണ്ടായിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽത്തീരമുള്ള സംസ്ഥാനം കൂടിയായ ഗുജറാത്തിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 4,500 ഹെക്ടർ ഭൂമിയാണ് തെങ്ങ് കൃഷിക്കായി മാറ്റിവയ്ക്കപ്പെട്ടിട്ടുള്ളത്.
ഗുജറാത്ത് കൃഷി വകുപ്പിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നത് കഴിഞ്ഞ ദശകത്തിൽ സംസ്ഥാനത്ത് തെങ്ങ് കൃഷിയിൽ ശ്രദ്ധേയമായ കുതിപ്പ് ഉണ്ടായെന്നാണ്. 2012-13 ൽ, ഗുജറാത്തിൽ 21,120 ഹെക്ടർ ഭൂമിയായിരുന്നു തെങ്ങ് കൃഷിക്കായി സമർപ്പിച്ചിരുന്നത്. ഇത് 2022-23 ലെ കണക്കനുസരിച്ച് 25,672 ഹെക്ടറായി ഉയർന്നു. 4,552 ഹെക്ടറിന്റെ ഗണ്യമായ വർദ്ധനവാണ് ഗുജറാത്തിലെ നാളികേര വ്യവസായത്തിന്റെ വളർച്ചയിൽ ഉണ്ടായിട്ടുള്ളത് . സംസ്ഥാനത്തെ നാളികേര ഉത്പാദനം ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ ബജറ്റ് വിഹിതം ഉപയോഗിച്ച് നാളികേര വികസന പരിപാടികളും ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാന ബജറ്റിൽ വിലയിരുത്തിയിട്ടുള്ള വിവിധ പദ്ധതികളും പദ്ധതികൾ ഉപയോഗിച്ച് തെങ്ങ് കൃഷി ചെയ്യുന്ന കർഷകർക്ക് ഗുജറാത്ത് സർക്കാർ ധനസഹായം നൽകുന്നുണ്ടെന്ന് സംസ്ഥാന ഹോർട്ടികൾച്ചർ ഡയറക്ടർ പി എം വഗാസിയ വ്യക്തമാക്കുന്നു . നിലവിൽ പ്രതിവർഷം ഗുജറാത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന വിളഞ്ഞ തേങ്ങയുടെ എണ്ണം 21 കോടിയിലധികമാണ്.
ഗുജറാത്തിലെ മൊത്തം നാളികേര ഉൽപ്പാദനത്തിന്റെ 33 ശതമാനവും ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിങ്ങനെയുള്ള വടക്കൻ സംസ്ഥാനങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.
Discussion about this post