വഡോദര : നിരവധി സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത സൈബർ കുറ്റവാളി അറസ്റ്റിലായി. ഗുജറാത്തിലെ വഡോദര സ്വദേശി രാകേഷ് സിംഗ് ആണ് അറസ്റ്റിലായത്. സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന വഡോദര സ്വദേശിനിയുടെ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. ഇയാൾ നേരത്തെയും നിരവധി സ്ത്രീകളെ ഇത്തരത്തിൽ കെണിയിൽ പെടുത്തിയിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്.
വഞ്ചിച്ച കാമുകിയോടുള്ള പ്രതികാരമായാണ് ഇയാൾ സ്ത്രീകളെ തിരഞ്ഞുപിടിച്ച് തട്ടിപ്പ് നടത്തിയത് എന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. കഴിഞ്ഞ 8 വർഷത്തിനുള്ളിൽ നിരവധി സ്ത്രീകളെയാണ് ഇയാൾ ഇത്തരത്തിൽ കബളിപ്പിച്ചിട്ടുള്ളത്. ഇവരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്തു. എട്ടുവർഷത്തിനു മുമ്പാണ് ഇയാളുടെ കാമുകി ഇയാളെ വഞ്ചിച്ചതായി പറയുന്നത്. പ്രണയിക്കുന്ന കാലത്ത് ഒന്നര ലക്ഷത്തോളം രൂപ ഇയാൾ കാമുകിക്കായി ചിലവാക്കിയിട്ടും അവർ വഞ്ചിച്ചതിൽ ഉള്ള പകയാണ് ഇയാൾ മറ്റ് സ്ത്രീകളോട് തീർത്തത്.
ഓൺലൈൻ വഴിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. മാട്രിമോണിയൽ സൈറ്റുകൾ വഴിയും സമൂഹമാദ്ധ്യമങ്ങൾ വഴിയുമാണ് ഇയാൾ സ്ത്രീകളെ തട്ടിപ്പിന് ഇരയാക്കിയിരുന്നത്. വിവാഹ വാഗ്ദാനം നൽകിയും ജോലി വാഗ്ദാനം ചെയ്തുമെല്ലാം സ്ത്രീകളുമായി അടുപ്പത്തിലാവുകയും തുടർന്ന് ഇവരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുകയുമായിരുന്നു ചെയ്തിരുന്നത്. തട്ടിപ്പ് നടത്താനായി 10 വ്യത്യസ്ത ഇമെയിൽ വിലാസങ്ങൾ ഇയാൾ ഉപയോഗിച്ചിരുന്നു. തട്ടിയെടുത്ത പണം ആഡംബര ജീവിതത്തിനായിട്ടായിരുന്നു ഇയാൾ ഉപയോഗിച്ചിരുന്നത്. വഡോദര സൈബർ ക്രൈം വിഭാഗമാണ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
Discussion about this post