ഹരാരെ: മുൻ സിംബാബ്‌വെ ക്രിക്കറ്റ് ടീം ക്യാപ്ടൻ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ നദൈൻ ആണ് മരണവിവരം ലോകത്തെ അറിയിച്ചത്. അർബുദ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സ്ട്രീക്ക് മരിച്ചുവെന്ന തരത്തിൽ ആഴ്ചകൾക്ക് മുൻപ് വാർത്തകൾ വന്നിരുന്നുവെങ്കിലും കുടുംബം അത് നിഷേധിച്ചിരുന്നു.
സിംബാബ്‌വെ ക്രിക്കറ്റിനെ അതിന്റെ പ്രതാപകാലത്തിൽ നയിച്ച ഇതിഹാസ താരമായിരുന്നു സ്ട്രീക്ക്. സിംബാബ്‌വെക്ക് വേണ്ടി 65 ടെസ്റ്റുകളും 189 ഏകദിന മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. ഓൾ റൗണ്ടർ ആയിരുന്ന സ്ട്രീക്ക് ടെസ്റ്റിൽ 1990 റൺസും ഏകദിനത്തിൽ 2943 റൺസും നേടിയിട്ടുണ്ട്. ടെസ്റ്റിൽ 216 വിക്കറ്റുകളും ഏകദിനങ്ങളിൽ 239 വിക്കറ്റുകളും നേടിയിട്ടുള്ള സ്ട്രീക്കാണ് സിംബാബ്‌വെക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരം.
തൊണ്ണൂറുകളുടെ മധ്യകാലം മുതൽ 2000ന്റെ ആദ്യ കാലങ്ങളിൽ വരെ സിംബാബ്‌വെ ടീമിന്റെ നെടും തൂണായിരുന്നു ഹീത്ത് സ്ട്രീക്ക്. ടെസ്റ്റിൽ 100 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ഒരേയൊരു സിംബാബ്‌വെ ബൗളറും ഏകദിനങ്ങളിൽ 100 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള നാല് സിംബാബ്‌വെ ബൗളർമാരിൽ ഒരാളുമാണ് സ്ട്രീക്ക്.
ടെസ്റ്റിൽ 1000 റൺസും 100 വിക്കറ്റും നേടിയ ഒരേയൊരു സിംബാബ്‌വെ താരം, ഏകദിനത്തിൽ 2000 റൺസും 200 വിക്കറ്റും നേടിയ ഒരേയൊരു സിംബാബ്‌വെ താരം എന്നീ റെക്കോർഡുകളും സ്ട്രീക്കിന് സ്വന്തമാണ്. തൊണ്ണൂറുകളിൽ ഇന്ത്യ, പാകിസ്താൻ തുടങ്ങിയ പ്രബല ടീമുകൾക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച സിംബാബ്‌വെ ടീമിലെ ശക്തമായ സാന്നിദ്ധ്യമായിരുന്നു സ്ട്രീക്ക്.










