ഗുവാഹട്ടി: ഭാരതീയരായ നമ്മൾ ഇന്ത്യ എന്ന പദപ്രയോഗം ഒഴിവാക്കണമെന്നും പകരം ഭാരതം എന്നുതന്നെ പ്രയോഗിക്കണമെന്നും ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഗുവാഹട്ടിയിലെ ഭഗവാൻ മഹാവീർ ധർമ്മശാലയിൽ ജൈന സമാജത്തിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ എന്ന പദം ഉപയോഗിക്കേണ്ടി വരുന്നത് വിദേശഭാഷയിൽ സംസാരിക്കുന്നവർക്ക് ആണ്. എന്നാൽ നമ്മൾ അറിയാതെ പലപ്പോഴും ആ വിദേശ ശൈലിയിലേക്ക് മാറുന്നു. അത് തിരുത്തണം. സംസാരത്തിലും എഴുത്തിലും ഭാരതം എന്നു തന്നെ പ്രയോഗിക്കണം. സവിശേഷമായ പേരുകൾക്ക് ഒരിക്കലും മാറ്റം വരില്ല. അതിലൊന്നാണ് ഭാരതം എന്ന പേര്.
ലോകത്ത് എവിടെ പോയാലും നമ്മൾ ഭാരതീയർ തന്നെ ആയിരിക്കും.’ഗോപാൽ’എന്നൊരു പേര് മറ്റൊരു ഭാഷയിൽ പറഞ്ഞാലും പേരിനു മാറ്റമൊന്നും ഉണ്ടാകുന്നില്ല. നമ്മുടെ നാട്ടിൽ അനേകം നഗരങ്ങൾ ഉണ്ട്. കാലങ്ങളായി നിലനിൽക്കുന്നവയാണ് അവയുടെ പേരുകൾ. അതിന്റെ കാര്യവും അതുപോലെ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതം എന്ന് നമ്മൾ പ്രയോഗിക്കുമ്പോൾ മറ്റുള്ളവർ അതിനെപ്പറ്റി എന്തു ചിന്തിക്കുന്നു എന്ന് കരുതി വിഷമിക്കേണ്ട കാര്യം ഇല്ല. നമ്മുടെ കടമ അത് പ്രയോഗിക്കുക എന്നത് മാത്രമാണ്. മറ്റു പല ഭാഷകളും നമ്മൾ പഠിച്ചെടുക്കാറുണ്ട്. പക്ഷേ ആദ്യം പഠിച്ച മാതൃഭാഷ അതേ പ്രാധാന്യത്തോടെ അവിടെ നിലനിൽക്കും. അത് മറക്കാൻ സാധിക്കില്ല. ഭാരതം എന്ന വാക്കും നമ്മുടെ ജീവിതത്തോട് അത്രയും ബന്ധപ്പെട്ടു കിടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് ലോകത്തിന് ഭാരതത്തെ ആവശ്യമാണ്. ആർക്കും നമ്മളെ അവഗണിക്കാനാകില്ല. ലോകം ഒന്നാണെന്ന കാഴ്ചപ്പാടാണ് ഭാരതത്തിനുളളതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post