തിരുവനന്തപുരം: സിപിഎം വനിതാ നേതാവിന്റെ മകനായ ഒന്നാം വർഷ വിദ്യാർത്ഥിയെ എസ്എഫ്‌ഐ നേതാക്കൾ ആക്രമിച്ചതായി പരാതി. പാളയം ഗവ.സംസ്‌കൃത കോളേജിലാണ് സംഭവം. പെരുങ്കടവിളഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായക്കുളം സ്വദേശി എസ്.ബിന്ദുവിന്റെ മകൻ ആദർശിനാണ് മർദ്ദനമേറ്റത്. കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് മുൻ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദർശിനെ ആക്രമിച്ചത്.
തടിക്കഷണം ഉപയോഗിച്ചുള്ള ആക്രമണത്തിൽ താടിയെല്ലു പൊട്ടിയ ആദർശിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോളേജിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെയാണ് സംഭവം. ചാക്കിൽ കയറിയുള്ള ഓട്ടമത്സരത്തിൽ നിന്ന് ആദർശ് പിന്മാറിയതാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. സംഭവത്തിൽ എസ്എഫ്‌ഐ യൂണിറ്റ് മുൻ ഭാരവാഹികളുമായ അമ്പലമുക്ക് സ്വദേശി നസീം, നെല്ലിമൂട് സ്വദേശി ജിത്തു, കരമന സ്വദേശി സച്ചിൻ എന്നിവർക്കെതിരെ കന്റോൺമെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്.
ചികിത്സ കഴിഞ്ഞാലുടൻ കോളേജിൽ എത്തി ടിസി വാങ്ങുമെന്ന് ആദർശ് പറഞ്ഞു. ”എസ്എഫ്‌ഐ നേതാക്കൾ പറയുന്നത് കേൾക്കാതെ കോളജിൽ പഠിക്കാൻ കഴിയില്ല. സുഹൃത്ത് വേലായുധന് നേരെയും ഭീഷണിയുണ്ട്. ഞങ്ങൾ രണ്ട് പേരും ആ കോളേജിലെ പഠനം നിർത്തി. അക്രമിസംഘത്തിൽ ഏഴോളം പേർ ഉണ്ടായിരുന്നു. എല്ലാവരും മദ്യലഹരിയിൽ ആയിരുന്നു. പ്രതികളിൽ പലരും കോളജിലെ പഠനം അഞ്ച് വർഷത്തോളം മുന്നേ കഴിഞ്ഞവരാണ്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി, കേരള യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി തുടങ്ങി വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചവരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നത്. കോളേജിൽ എന്തു പരിപാടി നടന്നാലും ഇവരാണ് നിയന്ത്രിക്കുന്നതെന്നും” ആദർശ് പറയുന്നു.
Discussion about this post