വാഷിംഗ്ടൺ: ജി 20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലേക്ക് വരാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് താനെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. എന്നാൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് ഉച്ചകോടിയിൽ പങ്കെടുക്കാത്തത് നിരാശാജനകമാണെന്നും ബൈഡൻ പറഞ്ഞു.
സെപ്റ്റംബർ 7നാണ് ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ബൈഡൻ ഇന്ത്യയിൽ എത്തുന്നത്. തുടർന്ന് സെപ്റ്റംബർ 8ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും.
ബൈഡനെ കൂടാതെ ഏകദേശം ഇരുപത്തിയഞ്ചോളം ലോക നേതാക്കൾ ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കും. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗും ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. എന്നാൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ഉച്ചകോടിയിൽ സംബന്ധിക്കും. കൊവിഡ് നിയന്ത്രണങ്ങൾ മൂലം 2021ൽ ഇറ്റലിയിൽ നടന്ന ജി20 ഉച്ചകോടിയിലും ചൈനീസ് പ്രസിഡന്റ് പങ്കെടുത്തിരുന്നില്ല.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, ജർമ്മൻ ചാൻസലർ ഒലഫ് ഷോൾസ്, യുകെ പ്രധാനാന്ത്രി ഋഷി സുനക്, ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ, ബ്രസീലിയൻ പ്രസിഡന്റ് ലൂയി ഇനാസിയോ ലുല ഡ സിൽവ തുടങ്ങിയ പ്രമുഖർ ജി20 സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തും.
Discussion about this post