ന്യൂഡൽഹി: ചെസ് ലോകകപ്പ് ഫൈനലിൽ പങ്കെടുത്ത് അഭിമാനാർഹമായ നേട്ടം സ്വന്തമാക്കി നാട്ടിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ പങ്കുവച്ച് ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദ. അദ്ദേഹത്തോടൊപ്പമുള്ള ഓരോ നിമിഷവും താൻ ആസ്വദിച്ചുവെന്നും പ്രഗ്നാനന്ദ പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് പ്രഗ്നാനന്ദ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ നിമിഷങ്ങൾ പങ്കുവച്ചത്.
ചെസിന് പുറമെ തനിക്ക് ഏറെ ഇഷ്ടപ്പെട്ട ക്രിക്കറ്റിനെ കുറിച്ചുള്ള വിവരങ്ങളും പ്രധാനമന്ത്രിയുമായി പങ്കുവച്ചതായി പ്രഗ്നാനന്ദ പറഞ്ഞു. ” ഞങ്ങളുടെ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി എന്നെ ചേർത്തു നിർത്തുകയായിരുന്നു. ചെസ് പരിശീലിക്കുന്നതിനെ കുറിച്ചും, അച്ഛന്റെ ജോലിയെ കുറിച്ചുമെല്ലാം അദ്ദേഹം എന്നോട് ചോദിച്ചു. അദ്ദേഹവുമൊത്തുള്ള സംസാരവും നിമിഷങ്ങളുമെല്ലാം ഏറെ ആസ്വാദ്യകരമായിരുന്നു.
ചെസ് അല്ലാതെ ക്രിക്കറ്റും എനിക്ക് ഏറെ പ്രിയങ്കരമാണെന്ന കാര്യം അദ്ദേഹവുമായി പങ്കുവച്ചു. ആർ.അശ്വിനാണ് എനിക്ക് ഇഷ്ടപ്പെട്ട കളിക്കാരൻ. ഏകാഗ്രത മെച്ചപ്പെടുത്താൻ യോഗ ചെയ്യാറുണ്ട്. വീട്ടിൽ അമ്മയുണ്ടാക്കുന്ന ഭക്ഷണങ്ങളാണ് എന്നും പ്രിയങ്കരം. അമ്മ എനിക്ക് നൽകുന്ന പിന്തുണ വളരെ വലുതാണ്. എന്റെ കാര്യങ്ങളെല്ലാം അമ്മയാണ് നോക്കുന്നത്. കുടുംബത്തിന്റെ പിന്തുണ എത്രത്തോളം ലഭിക്കുന്നുവെന്നത് എനിക്ക് വാക്കുകളിലൂടെ പറയാനാകില്ല. വിശ്രമ വേളകളിൽ സിനിമകൾ കാണാനാണ് താത്പര്യപ്പെടുന്നതെന്നും” പ്രഗ്നാനന്ദ പറയുന്നു.
Discussion about this post