ചെന്നൈ: ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപിയും തമിഴ്‌നാട് ഹിന്ദു മക്കൾ കക്ഷിയും. ഉദയനിധി സ്റ്റാലിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്താനും ഇരു സംഘടനകളും തീരുമാനിച്ചിട്ടുണ്ട്.
ഉദയനിധി സ്റ്റാലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തമിഴ്‌നാട് ഗവർണറെ സമീപിച്ചിട്ടുണ്ട്. ക്യാബിനറ്റ് മന്ത്രിയായതിനാൽ നിയമ നടപടികൾക്കായി ഗവർണറുടെ അനുമതി ആവശ്യമാണ് ഈ സാഹചര്യത്തിലാണ് ബിജെപി ഗവർണർക്ക് കത്ത് നൽകിയത്. ഉദയനിധി സ്റ്റാലിനെതിരെ വിവിധ തരം പ്രതിഷേധ പരിപാടികൾ ബിജെപിയുടെ നേതൃത്വത്തിൽ നടത്തും. ഉദയനിധി സ്റ്റാലിനും തമിഴ്‌നാട് ദേവസ്വം മന്ത്രിയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ഏഴിന് പ്രതിഷേധ പ്രകടനം നടത്താനാണ് ബിജെപിയുടെ തീരുമാനം.
മന്ത്രിയ്‌ക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തമിഴ്‌നാട് ഹിന്ദു മക്കൾ കക്ഷിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്‌റ്റേഷനുകളിലും പരാതി നൽകുമെന്ന് സംഘടന അറിയിച്ചു.
സനാതനധർമ്മം പകർച്ച വ്യാധിപോലെയാണെന്നും, അതിനാൽ തുടച്ച് നീക്കണമെന്നുമായിരുന്നു സ്റ്റാലിന്റെ പരാമർശം. ഇതിൽ ഹിന്ദുക്കളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.
Discussion about this post