തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.
ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇവിടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർവരെ മഴ ലഭിക്കും. മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി മറ്റ് ജില്ലകളിലും മഴ ലഭിക്കും.
വരുന്ന അഞ്ച് ദിവസങ്ങളിലും സംസ്ഥാനത്ത് ഈ കാലാവസ്ഥ തുടരും. ഈ സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ഒഡീഷയ്ക്കും വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും സമീപമായിട്ടാണ് ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദം വടക്ക് ദിശയിൽ സഞ്ചരിക്കാനാണ് സാദ്ധ്യത. വരും മണിക്കൂറുകളിൽ ഇത് ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമർദ്ദമാകും.
വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്
യെല്ലോ അലർട്ട്
06-09-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
07-09-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
08-09-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
09-09-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
Discussion about this post