ചെന്നൈ: സനാതന ധർമ്മം ഉൻമൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് വിവാദത്തിലായ തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ വീടിന് സുരക്ഷ വർദ്ധിപ്പിച്ചു. ഉദയനിധിയുടെ ചെന്നൈയിലെ വസതിക്ക് മുൻപിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ചെന്നൈ ഗ്രീൻ ലൈനിലും നീലാംഗരെയിലുമുളള വീടുകൾക്കാണ് അധിക സുരക്ഷ ഏർപ്പെടുത്തിയത്. പത്തിലധികം പോലീസുകാരെയാണ് അധികമായി വിന്യസിച്ചിട്ടുളളത്. ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചത് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ വർദ്ധിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് സനാതന ഉൻമൂലന സമ്മേളനത്തിൽ സനാതന ധർമ്മം ഡെങ്കിലും മലേറിയയും കോവിഡും പോലെ ഉൻമൂലനം ചെയ്യേണ്ടതാണെന്ന് ഉദയനിധി അഭിപ്രായപ്പെട്ടത്. പരാമർശം വിവാദമായതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഹിന്ദു വംശഹത്യയ്ക്കാണ് ഉദയനിധി ആഹ്വാനം നൽകിയതെന്നാണ് വിമർശനം ഉയർന്നത്.
ഹിന്ദു സന്യാസ പ്രമുഖരും ബിജെപി നേതാക്കളും ഉൾപ്പെടെ ഉദയനിധിയുടെ വാക്കുകൾക്കെതിരെ രംഗത്ത് വന്നിരുന്നു. നിരവധി സംഘടനകളും ഉദയനിധിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
Discussion about this post