തൃശ്ശൂർ: സനാതനധർമ്മം തുടർച്ചയായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിഷേധവുമായി പാറമേക്കാവ് ദേവസ്വം ബോർഡ്. ഹൈന്ദവ വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന രാഷ്ട്രീയ നേതാക്കളുടെ വാക്കുകൾ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്ന് ദേവസ്വം ബോർഡ് സെക്രട്ടറി ജി. രാജേഷ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനകളെ ശക്തിയുക്തം അപലപിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ നിക്ഷ്പക്ഷത പാലിക്കേണ്ട ഉന്നത നേതാവ് തന്നെ ഗണപതി മിത്താണെന്ന് പ്രസ്താവിച്ച് ഹിന്ദു സമൂഹത്തെ മുഴുവനായും അപമാനിച്ചിരിക്കുകയാണ്. ഇതിൽ പാറമേക്കാവ് ഭരണസമിതിയോഗം കടുത്ത ആശങ്കയും പ്രതിഷേധവും അറിയിക്കുന്നു. ഗണപതി ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിച്ച് പൂജകൾ നടത്തിക്കൊണ്ടാണ് നാം ഏത് നല്ല കാര്യവും സമാരംഭിക്കാറുള്ളത്. പരാമർശത്തിൽ കോടിക്കണക്കിന് വരുന്ന ഹിന്ദുക്കളുടെ വിശ്വാസത്തിനാണ് ഹാനി സംഭവിച്ചിരിക്കുന്നത്. എല്ലാ മതങ്ങളും നിലനിൽതക്കുന്നത് വിശ്വാസത്തിന്റെ അടിത്തറയിലാണ്. ഈ സാഹചര്യത്തിൽ ഹൈന്ദവ വിശ്വാസത്തെ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണം ഖേദകരമാണ്.
ഇക്കഴിഞ്ഞ ദിവസം ഇൻഡ്യയിലെ മറ്റൊരു നേതാവ് സനാതനധർമ്മം പകർച്ചവ്യാധി ആണെന്ന തരത്തിൽ പരാമർശം നടത്തി. ഇത് ചില തത്പര കക്ഷികൾ ആസൂത്രിതമായി നടത്തുന്ന അജണ്ടയാണ്. ഭാരതത്തിന്റെ നിലനിൽപ്പുതന്നെ സനാതനധർമ്മത്തിന്റെ വെളിച്ചമുൾക്കൊണ്ട് മാത്രമാണെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
ഇത്തരം പരാമർശങ്ങൾ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയേണ്ടതാണ്. ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ ഇത്തരം പ്രവണതകൾ നിയന്ത്രിക്കേണ്ടതാണ്. ഇത്തരം പ്രസ്താവനകൾ മതവിദ്വേഷവും പരസ്പരസ്പർദ്ധയും വളർത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂ. അതിനാൽ സംയമനവും ആത്മനിയന്ത്രണവും പാലിച്ച് മാത്രമേ ഇത്തരം പ്രസ്താവനകൾ പുറപ്പെടുവിക്കാവൂ എന്നും ദേവസ്വം ബോർഡ് കൂട്ടിച്ചേർത്തു.
Discussion about this post