ന്യൂഡൽഹി: ഭാരതം എന്ന് ഉപയോഗിച്ചതിനെതിരെ പ്രതിഷേധിച്ച കോൺഗ്രസിന് ശക്തമായ മറുപടി നൽകി ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ. ഭാരത് മാതാ കീ ജയ് മുഴക്കുന്നതിനെ പോലും എതിർക്കുന്നവർ എന്തിനാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചതെന്ന് നദ്ദ ചോദിച്ചു. രാജ്യത്തോടോ ഭരണഘടനയോടോ കോൺഗ്രസിന് ഒരു ബഹുമാനവും ഇല്ലെന്ന് ഒരിക്കൽ കൂടി വ്യക്തമാകുകയാണെന്നും നദ്ദ പറഞ്ഞു.
ജി 20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ഭവനിൽ നടത്തുന്ന വിരുന്നിൽ പങ്കെടുക്കുന്നതിനുളള ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് ഉപയോഗിച്ചിരുന്നത്. കോൺഗ്രസ് ഇതിനെ വിമർശിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് നദ്ദയുടെ വാക്കുകൾ. ഇന്ത്യ എന്ന പേര് ഭാരതം എന്നാക്കി മാറ്റാനുളള നീക്കമാണിതെന്നും സംസ്ഥാനങ്ങൾക്ക് നേരെയുളള കടന്നാക്രമണമാണെന്നുമായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ ജയ്‌റാം രമേശിന്റെ വിമർശനം.
ഭരണഘടനാ സ്ഥാപനങ്ങൾ എന്ന് പറഞ്ഞാൽ ഒരു കുടുംബത്തെ പുകഴ്ത്തുകയാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നതെന്നും നദ്ദ വിമർശിച്ചു. കോൺഗ്രസിന്റെ ദേശവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ സമീപനത്തെക്കുറിച്ച് രാജ്യത്തെ മുഴുവൻ ആളുകൾക്കും അറിയാമെന്നും ജെപി നദ്ദ പറഞ്ഞു.
കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രഥാൻ ഉൾപ്പെടെയുളളവരും കോൺഗ്രസിനെതിരെ രംഗത്തെത്തി. നേരത്തെ തന്നെ ഇങ്ങനെ സംഭവിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൊളോണിയൽ ചിന്താഗതയിൽ നിന്ന് മാറാനുളള വഴിയാണെന്നും ഭാരതത്തിന് പ്രാധാന്യം നൽകുന്ന രാഷ്ട്രപതിയാണ് നമുക്കുളളതെന്നും ധർമ്മേന്ദ്ര പ്രഥാൻ പ്രതികരിച്ചു.
Discussion about this post