ബംഗളൂരു: സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമർശത്തിൽ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ വീണ്ടും പരാതി. കർണാടകയിലെ പ്രമുഖ ബിജെപി നേതാവും അഭിഭാഷകനുമായ നാഗരാജ് നായക് ആണ് പരാതി നൽകിയത്. നേരത്തെ ഉയദനിധി സ്റ്റാലിനെതിരെ യുപിയിൽ പോലീസ് കേസ് എടുത്തിരുന്നു.
ഹൈന്ദവ മത വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. കർവാർ പോലീസിലാണ് പരാതി. സംഭവത്തിൽ ഉദയനിധിയ്‌ക്കെതിരെ ക്രിമിനൽ കേസ് എടുത്ത് ശക്തമായ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം. നാഗരാജ് നായകിനൊപ്പം പരാതി നൽകാൻ മറ്റ് ബിജെപി നേതാക്കളും എത്തിയിരുന്നു.
സനാതന ധർമ്മത്തെ അവഹേളിച്ച് നടത്തിയ പരാമർശത്തിൽ ഉദയനിധിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എന്നിട്ടും മാപ്പ് പറയില്ലെന്ന നിലപാടിൽ ഉദയനിധി ഉറച്ച് നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഉദയനിധിയ്‌ക്കെതിരെ ബിജെപി പരാതിയുമായി പോലീസിനെ സമീപിച്ചത്. സനാതന ധർമ്മത്തിനെതിരെ നടത്തിയ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നു എന്നായിരുന്നു ഉദയനിധി പ്രതികരിച്ചത്.
ഉദനനിധി സ്റ്റാലിനും കർണാടക മന്ത്രി പ്രിയാങ്കാ ഖാർഗെയ്ക്കും എതിരെയാണ് യുപിയിൽ കേസ് എടുത്തിട്ടുള്ളത്. മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ്. ഹൈന്ദവ വിശ്വാസികളുടെ പരാതിയിൽ റാംപൂരിലെ സിവിൽ ലൈൻ പോലീസാണ് കേസ് എടുത്തത്.
Discussion about this post