ചെന്നൈ : തമിഴ് നടൻ വിശാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാർക്ക് ആന്റണി’. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. ട്രെയിലറിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് അന്തരിച്ച പഴയകാല നടി സിൽക്ക് സ്മിതയുടെ സാന്നിദ്ധ്യമാണ്. AI സാങ്കേതികവിദ്യ വഴി സിൽക്ക് സ്മിതയെ പുനസൃഷ്ടിച്ചതാണോ എന്ന് നിരവധി പേർ സംശയം ഉന്നയിച്ചു. ഇതോടെ ട്രെയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം വലിയ വിവാദമാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്.
എന്നാൽ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഉത്തരവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ പിന്നണി പ്രവർത്തകർ. സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ള സിൽക്ക് സ്മിത AI സാങ്കേതികവിദ്യ വഴി സൃഷ്ടിച്ചെടുത്തതല്ല എന്നാണ് പിന്നാണി പ്രവർത്തകർ പറയുന്നത്. ഇൻസ്റ്റാഗ്രാം താരം വിഷ്ണുപ്രിയ ഗാന്ധിയാണ് ചിത്രത്തിൽ സിൽക്ക് സ്മിതയായി വേഷമിട്ടത് എന്നാണ് സിനിമയുമായി ബന്ധപ്പെട്ടുള്ളവർ അറിയിച്ചത്.
അന്തരിച്ച നടി സിൽക്ക് സ്മിതയുമായി രൂപസാദൃശ്യം ഉള്ളതിന്റെ പേരിൽ പ്രശസ്തയാണ് ഇൻസ്റ്റാഗ്രാം താരം വിഷ്ണുപ്രിയ ഗാന്ധി. ഈ മുഖസാദൃശ്യത്തോട് ഒപ്പം പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ആയ കൃഷ്ണവേണി ബാബു നടത്തിയ മേക്കോവറും കൂടി ആയപ്പോഴാണ് വിഷ്ണുപ്രിയ യഥാർത്ഥ സിൽക്ക് സ്മിതയുടെ അതേ രൂപത്തിൽ എത്തിയത്. എന്തുതന്നെയായാലും സിൽക്ക് സ്മിതയുടെ സാന്നിദ്ധ്യം കൊണ്ട് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ് മാർക്ക് ആന്റണി ട്രെയിലർ.
Discussion about this post