ഇന്ത്യ എന്ന പേരിനെ ഏറ്റവും കൂടുതൽ എതിർത്തിരുന്നയാൾ പാകിസ്താന്റെ സ്ഥാപക പിതാവായ മുഹമ്മദലി ജിന്ന ആണെന്ന് കഴിഞ്ഞദിവസം കോൺഗ്രസ് എംപി ശശി തരൂർ ആയിരുന്നു ഒരു പ്രസ്താവന നടത്തിയത്. ഇന്ത്യയുടെ ചരിത്രത്തിന്റെ ആഴങ്ങളിലേക്കിറങ്ങി പരിശോധിച്ചാൽ ഈ പ്രസ്താവന ഒരു യഥാർത്ഥ വസ്തുതയാണെന്ന് മനസ്സിലാവും. ബ്രിട്ടീഷ് ഇന്ത്യ സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന പേരിൽ തുടരുന്നതിനെ ഏറ്റവും കൂടുതൽ എതിർത്തിരുന്നത് മുഹമ്മദലി ജിന്ന തന്നെയാണ്. ബ്രിട്ടീഷ് ഇന്ത്യയെ രണ്ടായി വിഭജിച്ച് ഒരു ഭാഗം പാകിസ്താൻ ആകുമ്പോൾ മറുഭാഗം ഇന്ത്യ എന്ന പേരിൽ തുടരുന്നത് തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സൃഷ്ടിക്കുമെന്ന് ജിന്ന നിരന്തരമായി വാദിച്ചിരുന്നു.
പാകിസ്താൻ വിഭജനത്തിനു ശേഷം ഇന്ത്യ ഹിന്ദുസ്ഥാൻ എന്ന പേര് ഔദ്യോഗികമായി സ്വീകരിക്കണമെന്നായിരുന്നു മുഹമ്മദലി ജിന്നയുടെ അഭിപ്രായം. ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കുമ്പോൾ വീണ്ടും ആ രാജ്യം ഇന്ത്യ എന്ന പേരിൽ തന്നെ തുടരുന്നതിനെ ജിന്ന ശക്തമായി എതിർത്തിരുന്നു. വിഭജന ശേഷം ഒരു രാജ്യം പാകിസ്താനും മറു രാജ്യം ഹിന്ദുസ്ഥാനും ആവണമെന്ന് ജിന്ന ശക്തമായി അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യശേഷവും ഇന്ത്യ എന്ന പേരിൽ തന്നെ തുടരുന്നത് തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സൃഷ്ടിക്കാൻ ഉതകുമെന്ന് മുഹമ്മദലി ജിന്ന ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ മൗണ്ട് ബാറ്റൺ പ്രഭുവിന് എഴുതിയ കത്തിൽ സൂചിപ്പിക്കുന്നുണ്ട്.
ചരിത്രകാരനായ ജോൺ കീയുടെ ‘ഇന്ത്യ : എ ഹിസ്റ്ററി’ എന്ന ഗ്രന്ഥത്തിലും, SOAS ലെ ദക്ഷിണേഷ്യൻ നിയമ പ്രൊഫസറായ മാർട്ടിൻ ലോയുടെ ‘ഇസ്ലാം ആൻഡ് ദി കോൺസ്റ്റിറ്റ്യൂഷണൽ ഫൗണ്ടേഷൻസ് ഓഫ് പാകിസ്താൻ’ എന്ന പ്രബന്ധത്തിലും ഇക്കാര്യം വ്യക്തമായി പരാമർശിക്കപ്പെടുന്നുണ്ട്. സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഇന്ത്യ എന്ന പേരിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടത് ജവഹർലാൽ നെഹ്റു ആയിരുന്നു. ഇതിനായി നെഹ്റു മൗണ്ട് ബാറ്റൺ പ്രഭുവിനോട് പ്രത്യേകമായ അഭ്യർത്ഥന നടത്തുകയും അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട് മൗണ്ട് ബാറ്റൺ പ്രഭു അനുവാദം നൽകുകയും ചെയ്തിരുന്നു. ഈ തീരുമാനം അറിഞ്ഞപ്പോൾ മുഹമ്മദലി ജിന്ന എതിർപ്പുന്നയിച്ചിരുന്നതായും രാജ്യത്തിന് ഹിന്ദുസ്ഥാൻ എന്ന് നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മൗണ്ട് ബാറ്റൺ പ്രഭു രേഖപ്പെടുത്തിയിരുന്നതായി ജോൺ കീയുടെ പുസ്തകത്തിൽ പറയുന്നു.
സിന്ധു നദീതടത്തിന്റെ സമീപപ്രദേശങ്ങളിലായി സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ എന്ന നിലക്കാണ് ഇന്ത്യ എന്ന പേര് ഉപയോഗിച്ചിരുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഈ പ്രദേശങ്ങൾ പാകിസ്താന്റെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങൾ ആയതിനാലാണ് ഇന്ത്യ എന്ന പേരിനോട് മുഹമ്മദലി ജിന്നക്ക് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നത്. 1985 ൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച ‘ദി സോൾ സ്പോക്സ്മാൻ : ജിന്ന, ദി മുസ്ലിം ലീഗ് ആൻഡ് ദി ഡിമാൻഡ് ഫോർ പാകിസ്താൻ’ എന്ന പുസ്തകത്തിൽ പാകിസ്താൻ-അമേരിക്കൻ ചരിത്രകാരിയായ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ആയിഷ ജലാൽ വ്യക്തമാക്കുന്നത് പ്രകാരം അവസാനം വരെയും മുഹമ്മദലി ജിന്ന ഇന്ത്യയെ ഹിന്ദുക്കളുടെ നാട് എന്നർത്ഥമുള്ള ഹിന്ദുസ്ഥാൻ എന്ന പേരിൽ വിളിക്കണമെന്നാണ് അഭിപ്രായപ്പെട്ടിരുന്നത്. 1947 സെപ്റ്റംബറിൽ ലണ്ടനിൽ നടന്ന ഇന്ത്യൻ കലകളുടെ ഒരു പ്രദർശനത്തിന്റെ ഓണററി പ്രസിഡന്റാകാൻ ജിന്നയെ മൗണ്ട് ബാറ്റൺ ക്ഷണിച്ചതിന് മറുപടിയായി ജിന്ന എഴുതിയ കത്തിൽ ഇത് വ്യക്തമാക്കുന്നുണ്ട്. ഹിന്ദുസ്ഥാൻ ഇന്ത്യ എന്ന പേര് സ്വീകരിച്ചത് ഖേദകരമാണെന്നും, ഹിന്ദുസ്ഥാൻ കലകളുടെ പ്രദർശനം എന്ന പേരിൽ പരിപാടി മാറ്റണമെന്നും മുഹമ്മദലി ജിന്ന മൗണ്ട് ബാറ്റൺ പ്രഭുവിന് എഴുതിയ കത്തിൽ വ്യക്തമാക്കുന്നു. ഈ വസ്തുതകളെല്ലാം മുൻനിർത്തിയാൽ ഇന്ത്യ എന്ന പേരിന് ഏറ്റവും കൂടുതൽ എതിർത്തിരുന്നത് മുഹമ്മദലി ജിന്ന ആണെന്നുള്ളത് ഒരു യഥാർത്ഥ വസ്തുത തന്നെയാണെന്ന് കണക്കാക്കാം.
Discussion about this post