ചെന്നൈ: സനാതന ധർമ്മത്തെ ചോദ്യം ചെയ്ത ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് വീണ്ടും ചുട്ടമറുപടിയുമായി തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ. സനാതന ധർമ്മമാണ് ദ്രൗപദി മുർമുവിനെ ഗോത്ര വിഭാഗത്തിൽപ്പെട്ട ആദ്യ രാഷ്ട്രപതിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിന് രാഷ്ട്രപതിയെ ക്ഷണിച്ചില്ലെന്നും ഇതാണോ സനാതന ധർമ്മത്തിന്റെ ഗുണമെന്നും ഉദയനിധി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിനോട് ആയിരുന്നു അണ്ണാമലൈയുടെ പ്രതികരണം.
സനാതന ധർമ്മം ആളുകളെ വിവേചനത്തോടെ കാണുന്നു എന്നാണ് ഉദയനിധി പറയുന്നത്. ഇത് കേൾക്കുമ്പോൾ അതിശയം തോന്നുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന് ഡിഎംകെ വോട്ട് ചെയ്തിരുന്നില്ല. സനാതന ധർമ്മം ആളുകളെ വിഭജിയ്ക്കുന്നുവെന്ന് വാദിക്കുന്ന ഡിഎംകെ എന്തുകൊണ്ടാണ് വോട്ട് ചെയ്യാതിരുന്നത് എന്നും അണ്ണാമലൈ ചോദിച്ചു.
രാഷ്ട്രപതി സ്ഥാനാർത്ഥിയായി മത്സരിച്ച യശ്വന്ത് സിൻഹയ്ക്ക് ആയിരുന്നു ഡിഎംകെ വോട്ട് ചെയ്തത്. അദ്ദേഹം ഏത് വിഭാഗത്തിൽപ്പെടുന്നയാളാണ്?. രാജ്യത്തെ ജനങ്ങളാണ് ദ്രൗപദി മുർമുവിനെ രാഷ്ട്രപതിയാക്കിയത്. ഇതാണ് സനാതന ധർമ്മം. എന്തുകൊണ്ടാണ് മുർമുവിന് അനുകൂലമായി ഡിഎംകെ വോട്ട് ചെയ്യാതിരുന്നത്.
എല്ലാവരും തുല്യരാണെന്ന് വിശ്വസിക്കുന്നതാണ് സനാതന ധർമ്മം. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ബിജെപിയിൽ നിന്നുമാണ് സനാതന ധർമ്മത്തെക്കുറിച്ചുള്ള പാഠങ്ങൾ ഞങ്ങൾ പഠിച്ചതെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.
Discussion about this post