ചെന്നൈ: ഐടിസി ലിമിറ്റഡ് നിർമ്മിച്ച ഏറ്റവും വിലയേറിയ ബിസ്കറ്റ് ഏതാണെന്ന് ചോദിച്ചാൽ ഇനി ഉത്തരം സൺഫീസ്റ്റ് മാരി ലൈറ്റ് എന്നായിരിക്കും. 16 ബിസ്കറ്റുകളുടെ പായ്ക്കറ്റിൽ ഒരെണ്ണം കുറഞ്ഞതിന് കമ്പനിക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. ഉപഭോക്താവിനെ കബളിപ്പിച്ചതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കമ്പനിയോട് ഉപഭോക്തൃ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
2021 ഡിസംബർ മാസത്തിലാണ് തെരുവ് നായ്ക്കൾക്ക് നൽകുന്നതിന് വേണ്ടി ചെന്നൈ സ്വദേശിയായ ഡില്ലിബാബു ഒരു കടയിൽ നിന്നും സൺഫീസ്റ്റ് മാരി ലൈറ്റിന്റെ രണ്ട് ഡസൺ പായ്ക്കറ്റുകൾ വാങ്ങിയത്. പായ്ക്കറ്റ് തുറന്നപ്പോൾ അതിൽ 15 ബിസ്കറ്റുകളേ ഉണ്ടായിരുന്നുള്ളൂ. റാപ്പറിൽ 16 ബിസ്കറ്റുകൾ എന്നാണ് എഴുതിയിരുന്നത്. സംഭവത്തിൽ കടക്കാരനോ ഐടിസി കമ്പനിയോ തൃപ്തികരമായ വിശദീകരണം നൽകാൻ തയ്യാറായില്ല. ഇതോടെ ഡില്ലിബാബു കോടതിയെ സമീപിക്കുകയായിരുന്നു.
ബിസ്കറ്റ് ഒന്നിന് 75 പൈസ വില കണക്കാക്കിയ ഡില്ലിബാബു, കമ്പനി പ്രതിദിനം 50 ലക്ഷം പായ്ക്കറ്റ് ബിസ്കറ്റ് ഉത്പാദിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി. ഒരു പായ്കറ്റിൽ ഒരു ബിസ്കറ്റ് കുറവ് വരുത്തുന്നതിലൂടെ കമ്പനി പ്രതിദിനം ഉപഭോക്താക്കളെ പറ്റിച്ച് നേടുന്നത് 29 ലക്ഷം രൂപയാണെന്നും അദ്ദേഹം കോടതിയിൽ വിശദീകരിച്ചു.
എന്നാൽ എണ്ണത്തിന്റെ അടിസ്ഥാനത്തിലല്ല, തൂക്കത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ ബിസ്കറ്റ് വിൽക്കുന്നത് എന്ന് ഐടിസി ലിമിറ്റഡ് വാദിച്ചു. ഇതും പരിശോധിക്കാൻ കോടതി തയ്യാറായി. പായ്ക്കറ്റിൽ 76 ഗ്രാം തൂക്കം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, എല്ലാ പായ്ക്കറ്റുകളുടെയും തൂക്കം 74 ഗ്രാം മാത്രമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
2011ലെ ലീഗൽ മെട്രോളജി നിയമ പ്രകാരം 4.5 ഗ്രാമിന്റെ വരെ വ്യത്യാസം അനുവദനീയമാണെന്നായിരുന്നു കമ്പനിയുടെ അടുത്ത വാദം. എന്നാൽ ഈ ഇളവ് കാലക്രമത്തിൽ ഭാരം നഷ്ടമാകുന്ന വസ്തുക്കൾക്ക് മാത്രമാണ് ബാധകമെന്നും, ബിസ്കറ്റ് അത്തരം വസ്തുക്കളുടെ ഗണത്തിൽ പെടുന്നതല്ലെന്നും ഡില്ലിബാബു വിശദീകരിച്ചു. ഇത് കോടതി അംഗീകരിച്ചു. മാത്രമല്ല, പായ്ക്കറ്റിന്റെ പുറത്ത് 16 ബിസ്കറ്റ് എന്ന് എഴുതിയിരിക്കുകയും ഉള്ളിൽ 15 എണ്ണം മാത്രം ഉണ്ടായിരിക്കുകയും ചെയ്യുമ്പോൾ തൂക്കത്തെ ആസ്പദമാക്കിയുള്ള ന്യായീകരണം പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വഞ്ചിക്കപ്പെട്ട ഉപഭോക്താവായ ഡില്ലിബാബുവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വ്യക്തമാക്കിയ കോടതി, പ്രസ്തുത ബാച്ച് ബിസ്കറ്റുകളുടെ വിൽപ്പന നടത്താൻ പാടില്ലെന്നും വ്യക്തമാക്കി.
Discussion about this post