ലഖ്നൗ: സനാതന ധർമ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്താൻ ഉദയനിധി സ്റ്റാലിന് യാതൊരു അവകാശവുമില്ലെന്ന് ഉത്തർ പ്രദേശിലെ മുസ്ലീം പണ്ഡിതർ. സനാതന ധർമം ലോകത്തിലെ ഏറ്റവും പ്രാചീന മതവിശ്വാസത്തിന്റെ അടിസ്ഥാനമാണ്. ഉദയനിധിയുടെ പ്രസ്താവന രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ കാരണമാകുമെന്നും അയാളെ തിരുത്താൻ ഇൻഡിയ മുന്നണിയിലെ നേതാക്കൾ തയ്യാറാകണമെന്നും ഷിയ, സുന്നി ഭേദമില്ലാതെ മുസ്ലീം പണ്ഡിതർ ആവശ്യപ്പെട്ടു.
ഉദയനിധി സ്റ്റാലിന്റെ വാക്കുകൾ ഏതൊരു മതവിശ്വാസിയെയും വേദനിപ്പിക്കുന്നതാണ്. പ്രസ്താവന പിൻവലിച്ച് എത്രയും വേഗം മാപ്പ് പറയാൻ ഉദയനിധി സ്റ്റാലിൻ തയ്യാറാകണമെന്ന് ഷിയ സുന്നി ഉലമ ഫ്രണ്ട് ജനറൽ സെക്രട്ടറിയും മുതിർന്ന ഇസ്ലാമിക പണ്ഡിതനുമായ മൗലാന ഹബീബ് ഹൈദർ ആവശ്യപ്പെട്ടു.
മതങ്ങൾ എല്ലാം മാനവ ഐക്യത്തിന്റെ സന്ദേശമാണ് പ്രചരിപ്പിക്കുന്നത്. നാനാജാതി മതസ്ഥർ വസിക്കുന്ന ഇന്ത്യയിൽ ആർക്കും ഒരു മതങ്ങളെയും കടന്നാക്രമിക്കാൻ അവകാശമില്ലെന്ന് ഓൾ ഇന്ത്യ മുസ്ലീം ജമാഅത്ത് മൗലാന പ്രസിഡന്റ് ഷഹാബുദ്ദീൻ റിസ്വി വ്യക്തമാക്കി.
മതവിരുദ്ധ പ്രസ്താവനകൾ അരാജകത്വത്തിലേക്ക് നയിക്കും. ഇത്തരം പ്രസ്താവനകൾ രാജ്യത്തെ നിയമവാഴ്ചയ്ക്ക് തന്നെ ഭീഷണിയാണ്. ഉദയനിധി സ്റ്റാലിൻ വിശ്വാസ ലോകത്തോട് മാപ്പ് പറഞ്ഞേ മതിയാകൂ എന്നായിരുന്നു സുന്നി പണ്ഡിതൻ അബു സഫർ നൊമാനിയുടെ വാക്കുകൾ.
സനാതന ധർമം ഡെങ്കിയും മലേറിയയും ഫ്ലൂവും പോലെയാണെന്നും അത് എതിർക്കപ്പെടണമെന്ന് മാത്രമല്ല, ഉന്മൂലനം ചെയ്യപ്പെടണമെന്നുമായിരുന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. ഇതിനെതിരെ രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
Discussion about this post