ബംഗളൂരു : വന്യജീവികളെ കടത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശി ബംഗളൂരുവിൽ പിടിയിലായി. 70 പാമ്പുകളും ആറ് കുരങ്ങന്മാരും അടക്കമുള്ള വലിയ വന്യജീവി കടത്താണ് ബംഗളൂരു വിമാനത്താവളത്തിൽ പിടികൂടിയിരിക്കുന്നത് . ബാങ്കോക്കിൽ നിന്ന് ബംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിയുടെ സ്യൂട്ട്‌കേസിൽ നിന്ന് 20 രാജവെമ്പാലക്കുഞ്ഞുങ്ങളെയും ബോൾ പൈതൺ ഉൾപ്പെടെയുള്ള പാമ്പുകളെയും 6 കുരങ്ങൻ കുഞ്ഞുങ്ങളെയും കണ്ടെത്തി.
ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വൻ വന്യജീവി കടത്ത് പിടികൂടിയത്.
തായ്‌ലൻഡിൽ നിന്നുള്ള വിമാനത്തിൽ വന്നിറങ്ങിയ തമിഴ്നാട് സ്വദേശിയിൽ നിന്നുമാണ് ബംഗളൂരു കസ്റ്റംസ് ഉദ്യോഗസ്ഥർ പാമ്പുകളെയും കുരങ്ങൻ കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് ഇയാളുടെ സ്യൂട്ട്കേസിൽ നിന്നും വന്യ ജീവികളെ കണ്ടെത്തിയത്.
ഉഗ്രവിഷമുള്ള 20 രാജവെമ്പാല കുഞ്ഞുങ്ങളും, വംശനാശഭീഷണി നേരിടുന്ന അപൂർവയിനം പെരുമ്പാമ്പുകൾ ആയ ബോൾ പൈതൺ ഇനങ്ങളും അടക്കം 70 പാമ്പുകളാണ് ഇയാൾ കവറുകളിൽ ആക്കി സൂക്ഷിച്ചിരുന്നത്. തായ്‌ലൻഡിൽ നിന്നും വന്യജീവികളെ നടത്തുന്നത് ഈയിടെയായി വളരെയധികം വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ചെന്നൈ വിമാനത്താവളത്തിലും പെരുമ്പാമ്പുകളെ കടത്തിയതിന് ഒരാൾ പിടിയിലായിരുന്നു.
Discussion about this post