ചെന്നൈ: നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സൺ ടിവിക്ക് വേണ്ടിയുളള സീരിയലായ എതിർനീച്ചലിന്റെ ഡബ്ബിംഗിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. രജനികാന്തിന്റെ ജയിലറിൽ ഉൾപ്പെടെ അഭിനയിച്ചിരുന്നു.
രാവിലെ 8.30 ഓടെയാണ് മാരിമുത്തുവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടനെതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുപതിറ്റാണ്ടിലേറെയായി ടെലിവിഷൻ രംഗത്തും തമിഴ്‌സിനിമയിലും സംവിധായകനായും അഭിനേതാവായും തിളങ്ങി നിന്ന വ്യക്തിയാണ് മാരിമുത്തു.
1999 ൽ അജിത്തിന്റെ വാലിയിൽ സഹനടനായിട്ടായിരുന്നു വെളളിത്തിരയിൽ സജീവമായത്. 99 ൽ ആശൈ സിനിമയിൽ സംവിധായകൻ വസന്തിന്റെ അസിസ്റ്റന്റ് ആയി. 2008 ൽ പുറത്തിറങ്ങിയ കണ്ണും കണ്ണുമാണ് സ്വന്തം സംവിധാനത്തിൽ പിറന്ന ആദ്യചിത്രം.
2014 ൽ പുലിവാൽ എന്ന ത്രില്ലർ സംവിധാനം ചെയ്തിരുന്നു. 2011 ൽ മലയാളത്തിൽ പുറത്തിറങ്ങിയ ചാപ്പാ കുരിശിന്റെ തമിഴ് റീമേക്ക് ആയിരുന്നു സിനിമ. പുറത്തിറങ്ങാനിരിക്കുന്ന ഇന്ത്യൻ 2 വിലും അഭിനയിച്ചിട്ടുണ്ട്. സംവിധാനത്തിന് പുറമേ സിനിമകൾക്ക് വേണ്ടി തിരക്കഥയും സംഭാഷണവും ഉൾപ്പെടെ മാരിമുത്തു നിർവ്വഹിച്ചിട്ടുണ്ട്.
സിനിമാ മോഹങ്ങളുമായി 1990 ൽ ചെന്നൈയിൽ എത്തിയ മുത്തുവിന് ആദ്യം അവസരങ്ങളൊന്നും ലഭിച്ചില്ല. തുടർന്ന് വർഷങ്ങളോളം ഹോട്ടലിൽ വെയ്റ്ററായി ജോലി ചെയ്യേണ്ടി വന്നു. അതിനിടയിൽ അവിചാരിതമായിട്ടാണ് ഗാനരചയിതാവായ വൈരമുത്തുവിനെ കണ്ടുമുട്ടുന്നത്. അങ്ങനെയാണ് അദ്ദേഹത്തിന്റെ സിനിമ സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നത്.
Discussion about this post