അഗർത്തല: ത്രിപുര ഉപതിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച് ബിജെപി. ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും ബിജെപി വിജയിച്ചു. ധൻപൂർ, ബോക്സാനഗർ എന്നീ മണ്ഡലങ്ങളിൽ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
ഇരു മണ്ഡലങ്ങളിലും അവസാന റൗണ്ട് വോട്ടെണ്ണലും പൂർത്തിയായി. ഇതോടെയാണ് ബിജെപി ജയം ഉറപ്പിച്ചത്. ബോക്സാനഗറിൽ ബിജെപിയുടെ തഫാജ്ജൽ ഹുസ്സൈൻ ആണ് മത്സരിച്ചത്. 34, 146 വോട്ടുകൾ അദ്ദേഹം നേടി. എതിർ സ്ഥാനാർത്ഥിയും സിപിഎം നേതാവുമായ മിസാൻ ഹുസൈനെ 30,237 വോട്ടുകൾക്ക് തോൽപ്പിച്ചായിരുന്നു തഫാജ്ജൽ ഹുസ്സൈൻ മണ്ഡലത്തിൽ ആധിപത്യം ഉറപ്പിച്ചത്. സിപിഎം സ്ഥാനാർത്ഥിയ്ക്ക് 3,909 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.
18,871 വോട്ടുകളുടെ ഭൂരിപക്ഷമാണ് ധൻപൂരിലെ ബിജെപി സ്ഥാനാർത്ഥി ബിന്ദു ദേബനാഥ് സ്വന്തമാക്കിയത്. 30,071 വോട്ടുകളാണ് ബിന്ദുവിന് ലഭിച്ചത്. മണ്ഡലത്തിൽ കനത്ത തോൽവിയായിരുന്നു സിപിഎം സ്ഥാനാർത്ഥിയ്ക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. സിപിഎം സ്ഥാനാർത്ഥി കൗശിക് ചന്ദയ്ക്ക് 11,146 വോട്ടുകളാണ് ലഭിച്ചത്.
സെപ്തംബർ അഞ്ചിനായിരുന്നു ത്രിപുരയിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. 86.50 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സോനമൗര ഗേൾസ് സ്കൂളിൽ അതീവ സുരക്ഷയിലായിരുന്നു വോട്ടെണ്ണൽ.
Discussion about this post