ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഡൽഹിയിലെത്തി. കേന്ദ്രമന്ത്രി ജനറൽ വി കെ സിംഗിന്റെ നേതൃത്വത്തിൽ ഡൽഹി വിമാനത്താവളത്തിൽ ബൈഡനെ സ്വീകരിച്ചു. ആധുനിക ലോകം നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെ കുറിച്ച് അദ്ദേഹം ലോക നേതാക്കളുമായി ചർച്ചകൾ നടത്തും.
ഇന്ത്യയിലെ യുഎസ് സ്ഥാനപതി എറിക് ഗാർസെറ്റിയും മകളോടൊപ്പം ബൈഡനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഗാർസെറ്റിയുമായി ഹ്രസ്വ സംഭാഷണം നടത്തിയ ബൈഡൻ വി കെ സിംഗുമായും ആശയ വിനിമയം നടത്തി. സ്വീകരണ വേളയിൽ സന്നിഹിതരായിരുന്ന പരമ്പരാഗത നർത്തകരെയും അദ്ദേഹം അഭിവാദ്യം ചെയ്തു.
അമേരിക്കൻ പ്രസിഡന്റായ ശേഷം ആദ്യമായി ഇന്ത്യ സന്ദർശിക്കുന്ന ബൈഡൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തും. നിലവിൽ ലോക ചരിത്രം നിർണായകമായ ഒരു ഘട്ടത്തിലാണെന്നും ആഗോള സഹകരണം ശക്തമാക്കുന്നതിൽ നാഴികക്കല്ലായി മാറിയിരിക്കുകയാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയെന്നും അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞു.
Discussion about this post