തിരുവനന്തപുരം: ശബരിമലയ്ക്ക് പോകാനായി വ്രതം നോറ്റഅ കാത്തിരിക്കുന്ന ക്രിസ്തീയ പുരോഹിതനായ ഡോ. മനോജ് കെജിക്കെതിരെ സഭാ നടപടി. പുരോഹിതന്റെ ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു. ഫാദർ വിശ്വാസ പ്രമാണങ്ങളുടെ ലംഘനം നടത്തിയെന്നാരോപിച്ചാണ് നടപടി.
ആംഗ്ലിക്കൻ സഭയിലെ പുരോഹിതനാണ് ഫാദർ മനോജ്. ശബരിമല ദർശനത്തിന് മാലയിട്ട പുരോഹിതന്റെ വാർത്ത മാദ്ധ്യമങ്ങളിൽ വന്നതിന് പിന്നാലെയാണ് നടപടിയെടുക്കാൻ സഭ തീരുമാനിച്ചത്.
എന്നാൽ നീക്കം ചെയ്യപ്പെട്ട പഴയനിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരേ നടപടി സ്വീകരിച്ചതെന്ന് ഫാദർ മനോജ് പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ലെന്നും ഫാദർ മനോജ് വ്യക്തമാക്കി.
ഈ മാസം 20 ാം തീയതി വ്രതം പൂർത്തിയാകുന്ന ദിവസം തിരുമല മഹാദേവ ക്ഷേത്രത്തിൽ വച്ച് കെട്ടുനിറയ്ക്കും. തിരുവനന്തപുരം ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയാണ് ഫാദർ മനോജ് (50).ഏറെക്കാലമായി ശബരിമല ദർശനം ആഗ്രഹിച്ചിരിക്കുകയായിരുന്നു ഫാദർ മനോജ്. ഒന്നു രണ്ടു തവണ ശ്രമം നടത്തിയെങ്കിലും ദർശനം സാധ്യമായില്ല. ഇപ്പോഴാണ് ശരിയായ സമയം അടുത്തതെന്ന് വിശ്വസിക്കുന്നതായി ഫാദർ പറഞ്ഞിരുന്നു.
ശബരിമലദർശനത്തിന് ശേഷം തന്റെ പ്രൊഫഷണൽ ജീവിതത്തിലും ആത്മീയജീവിതത്തിലും വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നാണ് കരുതുന്നതെന്ന് ഫാദർ പറയുന്നു. തത്വമസി എന്നത് ലോകം ഉൾക്കൊള്ളേണ്ട സത്യമാണ് എന്ന് ഫാദർ വിശ്വസിക്കുന്നു. തത്വമസി ദർശനമാണ് തന്നെ അയ്യപ്പനിലേക്ക് അടുപ്പിച്ചതെന്ന് ഫാദർ കൂട്ടിച്ചേർത്തു.
27 വർഷമായി സോഫ്റ്റ്വെയർ എൻജിനീയറായി പ്രവർത്തിച്ചുവരുന്ന ഫാദർ മനോജിന്റെ ഭാര്യ ജോളി ജോസ് വീട്ടമ്മയാണ്. ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ ആൻ ഐറിൻ ജോസ്ലെറ്റാണ് മകൾ.
Discussion about this post