മുംബൈ: റോഡിലെ കുഴിയിൽ വീണ് ബൈക്കിൽ പോവുകയായിരുന്ന 22 കാരൻ മരിച്ച സംഭവത്തിൽ റോഡിന്റെ കരാറുകാരനെതിരെ കേസ്. കഴിഞ്ഞ ദിവസം മുംബൈയിൽ ഭിവാൻഡി – വാദ റോഡിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ ആകാശ് ജയറാം യാദവ് എന്ന യുവാവ് മരിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. ജോലിയിൽ അലംഭാവം വരുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.
വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആകാശ് ചികിത്സയിലിരിക്കെ ഈ മാസം 3 നാണ് മരിച്ചത്. ഓഗസ്റ്റ് 31 നായിരുന്നു അപകടം. സുഹൃത്തുമൊത്ത് ബൈക്കിൽ പോകവേ പൽഖാനെയ്ക്ക് സമീപമുളള കുഴിയിലാണ് വീണത്. കണ്ടു നിന്നവർ ഉടൻ തന്നെ ആകാശിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് നായർ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.
അലംഭാവം കൊണ്ടുളള നരഹത്യയ്ക്ക് ഐപിസി സെക്ഷൻ 304 (എ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആകാശിന്റെ പിതാവ് ജയറാം യാദവ് നൽകിയ പരാതിയിലാണ് പോലീസ് നടപടി. ഭിവാണ്ടിയിലായിരുന്നു മകൻ ജോലി ചെയ്തിരുന്നത്. ആകാശ് വീട്ടിലെത്താഞ്ഞതിനെ തുടർന്ന് സഹോദരി മൊബൈലിലേക്ക് വിളിച്ചപ്പോൾ ഡോക്ടറാണ് ഫോണെടുത്ത് അപകടവിവരം പറഞ്ഞതെന്ന് പിതാവ് പരാതിയിൽ പറയുന്നു.
ആശുപത്രിയിലെത്തിയപ്പോൾ കണ്ടത് ഗുരുതരമായി പരിക്കേറ്റ മകനെയാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്തും പരിക്കേറ്റ നിലയിലായിരുന്നുവെന്ന് ജയറാം യാദവ് പറഞ്ഞു. ഭിവാൻഡി- വാദ റോഡിൽ സമാനമായ വലിയ കുഴികൾ നിരവധിയുണ്ടെന്നും വലിയ അപകടങ്ങൾക്ക് ഇതിടയാക്കുമെന്നും പരാതിയിൽ പറയുന്നു.
Discussion about this post