ഇന്ത്യയുടെ ഔദ്യോഗികനാമം ഭാരത് എന്നാക്കുകയാണെങ്കിൽ പേരുമാറ്റം യു എൻ അംഗീകരിക്കാൻ തയാറാണെന്ന് ജനറൽ സെക്രട്ടറിയുടെ ഔദ്യോഗികവക്താവ് സ്റ്റെഫാൻ ഡുജാറിക്. പേരുമാറ്റത്തെച്ചൊല്ലി സജീവചർച്ചകൾ നടക്കുന്നതിനിടെയാണ് ഡുജാകിറിൻ്റെ പ്രതികരണം. പേരുമാറ്റം ഔദ്യോഗികമായി പൂർത്തിയാകുമ്പോൾ തങ്ങളെ അറിയിക്കുമെന്നും യു എൻ രേഖകളിൽ അതിനനുസൃതമായ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പേരുമാറ്റത്തെച്ചൊല്ലി നടക്കുന്ന വാഗ്വാദങ്ങളിൽ തങ്ങൾ അഭിപ്രായം പറയേണ്ട കാര്യമില്ല എന്നും അത് ഇന്ത്യയിലെ ആഭ്യന്തരകാര്യങ്ങൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്ത് പലപ്പോഴും ഇത്തരം സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. പേരു മാറ്റുന്നതിനുള്ള അപേക്ഷകൾ ലഭിച്ചാൽ അത് പരിഗണിക്കുമെന്ന് യു എൻ നേരത്തെ വ്യക്തമാക്കിയതാണ്. തുർക്കി രാജ്യത്തിൻ്റെ പേരിൽ മാറ്റം വരുത്തണമെന്ന് അപേക്ഷിച്ചപ്പോൾ പരിഗണിച്ചിരുന്നു. തുർക്കി എന്ന പേര് ‘തുർക്കിയെ’ എന്നാണ് മാറ്റം വരുത്തിയത്.
ആസിയാൻ-ഇന്ത്യാ ഉച്ചകോടിക്കും കിഴക്കൻ ഏഷ്യൻ ഉച്ചകോടിക്കുമായി ഇന്തോനേഷ്യൻ സന്ദർശനത്തിന് എത്തിയപ്പോൾ ഭാരതത്തിൻ്റെ പ്രധാനമന്ത്രി എന്നാണ് ഔദ്യോഗികകുറിപ്പിൽ അഭിസംബോധന ചെയ്തിരുന്നത്.ഇത് പേരുമാറ്റത്തെച്ചൊല്ലി വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമു ജി20 രാജ്യങ്ങൾക്കുള്ള അത്താഴവിരുന്നിനുള്ള ക്ഷണക്കത്തിലും ഭാരതത്തിൻ്റെ പ്രസിഡൻ്റ് എന്നാണ് പരാമർശം നടത്തിയത്. ഉച്ചകോടിയിൽ വിതരണം ചെയ്ത ലഘുലേഖകളിലും പേരുമാറ്റത്തിൻ്റെ സൂചനകൾ ഉണ്ടായിരുന്നു.ഇന്ന് ഉച്ചകോടിയിൽ പങ്കെടുത്ത പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിനു മുന്നിൽ ഭാരത് എന്നാണ് എഴുതിയിരുന്നത്.കൂടെ ദേശീയപതാകയും ഉണ്ടായിരുന്നു.
പേരുമാറ്റത്തെച്ചൊല്ലി പ്രതിപക്ഷകക്ഷികൾ വലിയ എതിർപ്പ് തുടരുമ്പോഴും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും നടത്തിയിട്ടില്ല.
സെപ്റ്റംബർ 18 മുതൽ 22 വരെ പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിച്ചു കൂട്ടിയിരിക്കുന്നു.ഈ സമ്മേളനത്തിൽ പേരു മാറ്റുന്നതിനുള്ള പ്രത്യേക ബിൽ കൊണ്ടുവരുമെന്നാണ് ഊഹാപോഹങ്ങൾ പ്രചരിക്കുന്നത്.ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവതും ഇന്ത്യ എന്ന പേരു മാറ്റി ഭാരത് എന്ന് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Discussion about this post