കൊൽക്കത്ത: ത്രിപുര ഉപതിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ കാരണം വിശദീകരിച്ച് സിപിഎം. ചപ്പാ വോട്ട് (കള്ളവോട്ട്) ബൂത്ത് പിടിത്തവും ആണ് പരാജയകാരണമെന്നാണ് സിപിഎം വാദിക്കുന്നത്. ബിജെപിയുടെ തഫജൽ ഹുസൈനാണ് ബോക്‌സാനഗറിൽ ജയിച്ചത്.
സിപിഎം എംഎൽഎ ശംസുൽ ഹഖ് മരിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പുണ്ടായത്. മകൻ മിസാൻ ഹുസൈനെ സ്ഥാനാർഥിയാക്കിയത് സഹതാപവോട്ട് കൂടി പ്രതീക്ഷിച്ചാണ്. പക്ഷേ, ഫലം വന്നപ്പോൾ സിപിഎം വോട്ടുകൾ ഏറക്കുറെ മുഴുവൻ നഷ്ടപ്പെട്ടു. ബിജെപിയുടെ തഫജൽ ഹുസൈന് 34,146 വോട്ട് ലഭിച്ചപ്പോൾ മിസാൻ ഹുസൈനു ലഭിച്ചത് 3909 വോട്ട് മാത്രം.
ധൻപുരിലും വൻപരാജയമാണു സിപിഎമ്മിനുണ്ടായത്. 5 തവണ മണിക് സർക്കാരിനെ ജയിപ്പിക്കുകയും 40 വർഷം സിപിഎം സ്ഥാനാർഥി മാത്രം ജയിക്കുകയും ചെയ്ത മണ്ഡലം പാർട്ടിയുടെ കുത്തകയായാണു കരുതിയിരുന്നത്. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കാണ് ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി ജയിച്ചത്.
സംസ്ഥാനത്ത് ബിജെപി ശക്തമായ പ്രചാരണം കാഴ്ചവച്ചപ്പോൾ ദുർബലമായിരുന്നു സിപിഎമ്മിന്റെ പ്രചാരണം. തിരഞ്ഞെടുപ്പിന്റെ തലേന്ന് ബിജെപി അക്രമം നടത്തിയതായും ഒരു പ്രവർത്തകനു ഗുരുതരമായി പരുക്കേറ്റതായും സിപിഎം ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് സിപിഎം വോട്ടെണ്ണൽ ബഹിഷ്‌കരിച്ചിരുന്നു.
Discussion about this post