കണ്ണൂർ: പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ തോൽവിയോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. തുടർച്ചയായ രണ്ടാം ദിവസമാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത്. കണ്ണൂർ മുഴപ്പിലങ്ങാട് ഇ.കെ നായനാർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ മാദ്ധ്യമ പ്രവർത്തകർ വിഷയത്തിൽ പ്രതികരണം തേടിയിരുന്നു. എന്നാൽ മറുപടി പറയാതെ മുഖ്യമന്ത്രി വാഹനത്തിൽ കയറി പോകുകയായിരുന്നു.
വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി രണ്ട് ദിവസമായി മുഖ്യമന്ത്രി കണ്ണൂരിലാണ്. വേദികളിലൊന്നും തന്നെ തിരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് അദ്ദേഹം യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. നേരത്തെ ഉന്നയിച്ച ചോദ്യങ്ങൾക്കും മറുപടി നൽകിയിരുന്നില്ല. ഇന്നലെ നാല് പരിപാടികളിൽ ആയിരുന്നു അദ്ദേഹം പങ്കെടുത്തത്. എന്നാൽ തിരഞ്ഞെടുപ്പിനെക്കുറിച്ച് പരാമർശിച്ചില്ല. ഈ സാഹചര്യത്തിലായിരുന്നു ഇന്ന് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാനെത്തിയ വേളയിൽ മാദ്ധ്യമങ്ങൾ പ്രതികരണം തേടിയത്.
പ്രസംഗം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മാദ്ധ്യമ പ്രവർത്തകർ ചോദ്യം ഉന്നയിച്ചത്. എന്നാൽ കേൾക്കാത്ത മട്ടിൽ കടന്നു പോകുകയായിരുന്നു. നിരവധി തവണ ചോദ്യം ആവർത്തിച്ചെങ്കിലും പ്രതികരിച്ചില്ല. വേദിയിലുണ്ടായിരുന്ന കുട്ടികളെ കൈവീശി കാണിച്ച ശേഷം കാറിൽ കയറി പോകുകയായിരുന്നു.
Discussion about this post