ന്യൂഡൽഹി : സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ തരംഗമാവുന്നത് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ ലോക നേതാക്കൾക്കായി രാഷ്ട്രപതി ദ്രൗപതി മുർമു ഒരുക്കിയ അത്താഴ വിരുന്നാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ വിരുന്നിന്റെയും മെനു അതിലെ വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് ശ്രദ്ധ കവരുകയാണ്. കേരളത്തിന്റെ സ്വന്തം മട്ട അരി അടക്കമുള്ളവ അത്താഴ വിരുന്നിൽ ലോക നേതാക്കൾക്കായി തയ്യാറാക്കിയിരുന്നു. ആഗോളതലത്തിൽ ഭാവിയുടെ ഭക്ഷണമായി വ്യാഖ്യാനിക്കപ്പെടുന്ന മില്ലറ്റ് വിഭവങ്ങൾ ആയിരുന്നു വിരുന്നിൽ ഉൾപ്പെടുത്തിയിരുന്നത്.
സമ്പൂർണ്ണ വെജിറ്റേറിയൻ ഭക്ഷണമായിരുന്നു ലോക നേതാക്കൾക്കായി രാഷ്ട്രപതി ഒരുക്കിയിരുന്നത്. സമൃദ്ധിയുടെ കാലമായ ശരദ് ഋതുവിന്റെ ആഘോഷമാണിതെന്ന് മെനുവിൽ പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. സ്റ്റാർട്ടർ വിഭവങ്ങളെ ‘പാത്രം: എ ബ്രീത്ത് ഓഫ് ഫ്രഷ് എയർ ‘ എന്നായിരുന്നു പേര് നൽകിയിരുന്നത്. തിനയായിരുന്നു സ്റ്റാർട്ടറിനായി തിരഞ്ഞെടുത്തിരുന്ന മില്ലറ്റ്. ഫോക്സ്ടെയിൽ മില്ലറ്റ് ലീഫ് ക്രിസ്പിനൊപ്പം യോഗർട്ട് ടോപ്പിംഗും കൂടെ സ്പൈസി ചട്നിയും സ്റ്റാർട്ടർ കൗതുകകരമാക്കി.
‘വനവർണം: സ്‌ട്രെങ്ത് ഫ്രം ദി സോയിൽ ‘ എന്നായിരുന്നു മെയിൻ കോഴ്സിന് പേര് നൽകിയിരുന്നത്. ചക്ക കൊണ്ട് തയ്യാറാക്കിയ ഗാലറ്റ് , വിശിഷ്ടമായ കാട്ടു കൂൺ, ചാമ, കേരളത്തിന്റെ മട്ട അരി എന്നിവ അടങ്ങിയ വിഭവങ്ങളും ഉൾപ്പെടുന്നതായിരുന്നു മെയിൻ കോഴ്സ്. ഒപ്പം ഇന്ത്യൻ ബ്രഡുകളായ മുംബൈ പാവ്, ഏലക്കയും പാലും മധുരവും ചേർത്ത് തയ്യാറാക്കിയ ബകർഖാനി റൊട്ടി മെയിൻ കോഴ്സിൽ ഉൾപ്പെടുത്തിയിരുന്നു.
ഡെസർട്ട് ആയി കവടപുല്ല് കൊണ്ടുള്ള പുഡിംഗ്, അംബേമോഹർ അരി കൊണ്ട് തയ്യാറാക്കിയ ക്രിസ്പ്സ്, അത്തിപ്പഴവും പീച്ചും കൊണ്ട് തയ്യാറാക്കിയ വിഭവങ്ങൾ എന്നിവയും ഉണ്ടായിരുന്നു. ബീവറേജ് ആയി കാശ്മീരി കാവ, ഫിൽറ്റർ കാപ്പി, ഡാർജിലിങ് ചായ എന്നിവയും ഒരുക്കിയിരുന്നു. വൈവിധ്യമാർന്ന മില്ലറ്റുകൾ കൊണ്ട് തയ്യാറാക്കിയ വിഭവങ്ങൾ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നത് ആയിരുന്നു. ഇന്ത്യൻ പരമ്പരാഗത സംഗീതോപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള സംഗീത സദസും അത്താഴവിരുന്നിനെ കൂടുതൽ വിസ്മയകരമാക്കി.
Discussion about this post