ന്യൂഡൽഹി: മാനവ വിഭവ ശേഷി അഴിമതിക്കേസിൽ ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി അദ്ധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല. ജാമ്യം നിഷേധിച്ച വിജയവാഡ എബിസി കോടതി, നായിഡുവിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സെപ്റ്റംബർ 23 വരെയാണ് നായിഡുവിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.
രാജമുന്ദ്രി ജയിലിലായിരിക്കും നായിഡുവിനെ പാർപ്പിക്കുക. അതേസമയം ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനാണ് ടിഡിപിയുടെ തീരുമാനം.
2014ൽ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരിക്കെ ആന്ധ്രാ മാനവ വിഭവ ശേഷി വികസനവുമായി ബന്ധപ്പെട്ട് സീമൻസ് ഇൻഡസ്ട്രി സോഫ്റ്റ്വെയർ ഓഫ് ഇന്ത്യ എന്ന കമ്പനി സർക്കാരിൽ നിന്നും കോടികൾ അഴിമതി മാർഗത്തിലൂടെ തട്ടിയെടുത്തു എന്ന കേസിൽ കഴിഞ്ഞ ദിവസം പുലർച്ചെ നന്ത്യാൽ പോലീസായിരുന്നു നായിഡുവിനെ അറസ്റ്റ് ചെയ്തത്.
അതേസമയം അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും വേണ്ടിവന്നാൽ അർദ്ധരാത്രി തന്നെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും ടിഡിപി വ്യക്തമാക്കി. പകപോക്കൽ രാഷ്ട്രീയത്തെ ജനം കൈകാര്യം ചെയ്യുമെന്നും നേതാക്കൾ അറിയിച്ചു.
Discussion about this post