ന്യൂഡൽഹി: കാനഡയിൽ ഖാലിസ്ഥാനികളുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ നിലപാടറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 ഉച്ചകോടിക്കിടെ ആയിരുന്നു മോദി ഇക്കാര്യം ട്രൂഡോയുമായി സംസാരിച്ചത്.
കാനഡ കേന്ദ്രമാക്കി ചിലർ കടുത്ത ഇന്ത്യാ വിരുദ്ധത പ്രചരിപ്പിക്കുന്നു. വിഘടനവാദവും അക്രമവും പ്രോത്സാഹിപ്പിക്കുന്നത് ആധുനിക സമൂഹത്തിന് ചേർന്നതല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ നയതന്ത്ര പ്രതിധികളെ ഭീഷണിപ്പെടുത്തുകയും നയതന്ത്ര കാര്യാലയങ്ങൾക്കെതിരെ ആക്രമണങ്ങൾക്ക് പ്രേരണ നൽകുകയും ചെയ്യുന്നു. ആരാധനാലയങ്ങൾക്കും ഇന്ത്യൻ സമൂഹത്തിനും നേരെ ഭീഷണി നിലനിൽക്കുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇത്തരം ശക്തികൾ സംഘടിതമായ കുറ്റകൃത്യങ്ങൾ നടത്തുകയും മയക്കുമരുന്ന് കടത്തിലൂടെയും മനുഷ്യക്കടത്തിലൂടെയും ലോകക്രമങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്നു. ഇത് കാനഡക്കും ആശാസ്യമല്ല. ഇക്കാര്യത്തിൽ മനുഷ്യനന്മയെ മുൻനിർത്തി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ പരസ്പരം ബഹുമാനവും വിശ്വാസവും വർദ്ധിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏതെങ്കിലും കുറച്ച് പേരുടെ പ്രവൃത്തികൾ രാജ്യത്തിന് അവമതിപ്പ് ഉണ്ടാക്കുന്നുവെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സമ്മതിച്ചു. ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഇന്ത്യയുടെ താത്പര്യങ്ങൾ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post