നോയ്ഡ : സുപ്രീംകോടതി അഭിഭാഷകയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളിമുറിയിൽ ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ നോയ്ഡയിലാണ് സംഭവം. 61 വയസുള്ള രേണു സിൻഹ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവും മുൻ ഐആർഎസ് ഉദ്യോഗസ്ഥനുമായ അജയ് നാഥിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിനുശേഷം 24 മണിക്കൂറിലേറെയായി കാണാനില്ലായിരുന്ന പ്രതിയെ ഒടുവിൽ വീടിന്റെ സ്റ്റോർ റൂമിൽ ഒളിച്ചിരുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
കാൻസർ രോഗി കൂടിയായിരുന്ന രേണു സിൻഹയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ഇവരുടെ സഹോദരനാണ് പോലീസിൽ പരാതി നൽകുന്നത്. പോലീസ് വീടിനകത്ത് നടത്തിയ പരിശോധനയിലാണ് കുളിമുറിയിൽ നിന്നും ഇവരുടെ മൃതദേഹം കണ്ടെത്തുന്നത്. എന്നാൽ ഭർത്താവിനെ ഇവിടെ കാണാതിരുന്നതിനെ തുടർന്ന് പോലീസ് നിരവധി സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്തപ്പോൾ കൊലപാതകം നടന്ന വീട് തന്നെയായിരുന്നു ലൊക്കേഷൻ കാണിച്ചിരുന്നത്.
നീണ്ട തിരച്ചിലിനൊടുവിൽ ഇയാളെ വീട്ടിലെ സ്റ്റോർ റൂമിൽ ഒളിച്ചിരിക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒരു ദിവസത്തിലേറെ ഇയാൾ ഈ സ്റ്റോർ റൂമിൽ ഒളിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇവർ താമസിച്ചിരുന്ന ബംഗ്ലാവ് 4 കോടി രൂപയ്ക്ക് വിൽക്കാൻ ഭർത്താവ് പദ്ധതിയിട്ടിയിരുന്നു. വാങ്ങുന്നയാളിൽ നിന്നും അഡ്വാൻസ് കൈപ്പറ്റിയെങ്കിലും ഭാര്യ എതിര് നിന്നതിനാൽ വിൽപന നടന്നില്ല. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Discussion about this post