നെതർലാൻഡ്സ് : ഇസ്ലാമിനെ അപകീർത്തിപ്പെടുത്തി എന്ന പേരിൽ ഡച്ച് പാർലമെന്റ് അംഗം ഗീർട്ട് വിൽഡേഴ്‌സിനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്തതിന് പാകിസ്താൻ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ഖാലിദ് ലത്തീഫിനെ ഡച്ച് കോടതി തിങ്കളാഴ്ച 12 വർഷം തടവിന് ശിക്ഷിച്ചു. തീവ്ര ഇസ്ലാം വിമർശകനാണ് ഗീർട്ട് വിൽഡേഴ്‌സ്. മുഹമ്മദ് നബിയെ കുറിച്ചുള്ള നൂപുർ ശർമ്മയുടെ വിവാദ പരാമർശങ്ങളെ പിന്തുണച്ചതിന്റെ പേരിലും ശ്രദ്ധേയനായിരുന്നു ഗീർട്ട് വിൽഡേഴ്‌സ്.
അൽ-ഖ്വയ്ദ അടക്കമുള്ള നിരവധി ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ വധഭീഷണി നേരിടുന്ന വ്യക്തി കൂടിയാണ് ഗീർട്ട് വിൽഡേഴ്‌സ്. മുഹമ്മദ് നബിയുടെ കാർട്ടൂണുകളുമായി ബന്ധപ്പെട്ട ഒരു മത്സരം സംഘടിപ്പിച്ചതോടെയാണ് മുൻ പാക് ക്രിക്കറ്റ് താരം ഖാലിദ് ലത്തീഫ് ഡച്ച് എംപിയുടെ തലവെട്ടാനായി ആഹ്വാനം ചെയ്തത്. ഒരു ഓൺലൈൻ വീഡിയോയിലൂടെ ഗീർട്ട് വൈൽഡേഴ്സിന്റെ തലയ്ക്ക് ഖാലിദ് ലത്തീഫ് 21,000 യൂറോ വാഗ്ദാനം ചെയ്തിരുന്നു. ഇതിനെതിരായ കേസിലാണ് ഇപ്പോൾ ഡച്ച് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്.
ഖാലിദ് ലത്തീഫിന്റെ വീഡിയോ വൈൽഡേഴ്സിനെ വ്യക്തിപരമായി ആക്രമിക്കുക മാത്രമല്ല, നെതർലൻഡ്സിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നത് കൂടിയാണെന്ന് ജഡ്ജി വെർബീക്ക് വിധിപ്രസ്താവനയിൽ വ്യക്തമാക്കി. എന്നാൽ ഖാലിദ് ലത്തീഫ് ഇപ്പോൾ പാകിസ്താന്റെ സംരക്ഷണയിലാണ് ഉള്ളത്. ഇയാളെ കൈമാറാനായി നെതർലാൻഡ്സ് പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ തയ്യാറായിട്ടില്ല. ഇയാളെ പാകിസ്താനിൽ നിന്നും അറസ്റ്റ് ചെയ്ത് നെതർലാൻഡ്സിലേക്ക് കൊണ്ടുവരാൻ ഡച്ച് പ്രധാനമന്ത്രി തയ്യാറാകണമെന്നും കോടതി ആവശ്യപ്പെട്ടു.
Discussion about this post