കോഴിക്കോട് : സംസ്ഥാനത്ത് വിവാഹമോചനവും വിവാഹേതര ബന്ധങ്ങളും കൂടിവരുന്ന സാഹചര്യത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രീ-മാരിറ്റല്‍ കൗണ്‍സിലിംഗ് നല്‍കണമെന്ന് ആവശ്യമുയരുന്നു. ഇത് സംബന്ധിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഒരു മാസത്തിനകം പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു.
പ്രീ-മാരിറ്റല്‍ കൗണ്‍സിലിംഗ് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പരിഗണനാര്‍ഹമായ കാര്യമാണെന്നും കമ്മിഷന്‍ ആക്ടിങ് ചെയര്‍പഴ്‌സന്‍ കെ. ബൈജുനാഥ് പറഞ്ഞു. എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്‌സ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ പ്രഫ. വര്‍ഗീസ് മാത്യു സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
വിവാഹ ബന്ധങ്ങള്‍ വളരെ പെട്ടെന്ന് ശിഥിലമാകുന്നതും വിവാഹബന്ധങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിക്കുന്നതും ആശങ്കാജനകമാണ്. കുടുംബ കോടതികളിലെ വ്യവഹാരങ്ങള്‍ വര്‍ദ്ധിക്കുന്നതും കൂടുതല്‍ കുടുംബ കോടതികള്‍ക്കുള്ള ആവശ്യമുയരുന്നതും പതിവ് കാഴ്ചയാണെന്നും കമ്മീഷന്‍ വിലയിരുത്തി.
Discussion about this post