ലിബിയൻ ഭരണാധികാരിയായിരുന്ന മുഅമ്മർ ഗദ്ദാഫിയുടെ പിൻഗാമിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി (53) കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ ലിബിയൻ നഗരമായ സിന്റാനിലെ വസതിയിൽ വെച്ചാണ് നാലംഗ അക്രമി സംഘം അദ്ദേഹത്തെ വെടിവെച്ചു കൊലപ്പെടുത്തിയത്. ഗദ്ദാഫി കുടുംബത്തിന്റെ തിരിച്ചുവരവ് ഭയക്കുന്ന ഗ്രൂപ്പുകളും വിദേശ ശക്തികളുമാണ് ഈ കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ഗദ്ദാഫിയുടെ വംശപരമ്പരയെ ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ആരോപിക്കുന്നു.
തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്നും 136 കിലോമീറ്റർ അകലെയുള്ള സിന്റാനിലെ വസതിയുടെ പൂന്തോട്ടത്തിൽ വെച്ചാണ് സെയ്ഫ് അൽ ഇസ്ലാമിന് നേരെ ആക്രമണമുണ്ടായത്. വീടിന്റെ സുരക്ഷാ ക്യാമറകൾ പ്രവർത്തനരഹിതമാക്കിയ ശേഷം അകത്തുകയറിയ അക്രമികൾ അദ്ദേഹത്തെ നേരിട്ട് കണ്ട് വെടിയുതിർക്കുകയായിരുന്നു. പുലർച്ചെ 2:30-ഓടെയായിരുന്നു സംഭവം.
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ സെയ്ഫ് അൽ ഇസ്ലാം, ലിബിയയെ ഒരു ആധുനിക രാഷ്ട്രമാക്കാൻ ആഗ്രഹിച്ച പരിഷ്കർത്താവായിരുന്നു. 2015-ൽ ട്രിപ്പോളിയിലെ കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സിന്റാനിലെ ഗോത്രവർഗ്ഗ സേനയുടെ സംരക്ഷണത്തിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.
2021-ൽ ലിബിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സെയ്ഫ് അൽ ഇസ്ലാം നാമനിർദ്ദേശ പത്രിക നൽകിയിരുന്നു . എന്നാൽ തീവ്രവാദി ഗ്രൂപ്പുകളുടെ എതിർപ്പിനെത്തുടർന്ന് ആ തിരഞ്ഞെടുപ്പ് മുടങ്ങി.












