തിരുവനന്തപുരം: കേരളത്തിൽ വൻ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന ഐഎസ് ഭീകരൻ എൻഐഎ കസ്റ്റഡിയിൽ. തൃശൂർ സ്വദേശിയായ സയ്യിദ് നബീൽ അഹമ്മദ് ആണ് കസ്റ്റഡിയിലായത്. ഈ മാസം 16 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. കഴിഞ്ഞ ബുധനാഴ്ച ചെന്നൈയിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്.വ്യാജരേഖകളുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച നബീലിനെ ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് പിടികൂടിയത്. പിന്നീട് കൊച്ചി പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു.
ഇയാൾ കഴിഞ്ഞ കുറേക്കാലമായി തമിഴ്‌നാട്ടിലും കർണാടകത്തിലുമായി ഒളിവിൽ കഴിയുകയായിരുന്നു.ഐഎസിൻറെ കേരള, തമിഴ്‌നാട്, കർണാടകം എന്നിവിടങ്ങളിലെ പ്രവർത്തനം ഏകോപിപ്പിച്ചിരുന്നത് നബീലാണെന്നാണ് എൻഐഎ ആരോപിക്കുന്നത്.
സംസ്ഥാനത്തുടനീളം ആക്രമണങ്ങൾ നടത്തുകയായിരുന്നു നബീലിന്റെ ലക്ഷ്യം, തൃശൂരും പാലക്കാടും ഉള്ള പ്രമുഖ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ക്രിസ്ത്യൻ പുരോഹിതനെ അപായപ്പെടുത്താനും നബീൽ പദ്ധതിയിട്ടിരുന്നു. ഖത്തറിൽ നിന്നാണ് നബീൽ ഐഎസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചത്. ‘പെറ്റ് ലൗവേഴ്സ്’ എന്ന പേരിൽ ടെലിഗ്രാം ഗ്രൂപ്പിലൂടെയായിരുന്നു ഭീകരപ്രവർത്തനം. യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നടത്താൻ പദ്ധതിയിട്ടു.
തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐഎസ്‌ഐഎസ് മൊഡ്യൂൾ കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നുവെന്ന് എൻഐഎയ്ക്കു വിവരം ലഭിച്ചതിനെത്തുടർന്ന് ജൂലൈ 11നാണ് കേസ് രജിസ്റ്റർ ചെയ്തത്.കഴിഞ്ഞ ജൂലൈയിലെ തമിഴ്‌നാട്ടിലെ സത്യമംഗലം കാട്ടിൽനിന്ന് നബീലിൻറെ കൂട്ടാളിയായ തൃശൂർ മതിലകത്ത് ആസിഫിനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post