ഗ്വാളിയോർ: ഹിന്ദുമതത്തെ ഉൻമൂലനം ചെയ്യാൻ ഇറങ്ങിയവർ സ്വയം ഉൻമൂലനം ചെയ്യപ്പെടുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. സനാതന ധർമ്മം ഉൻമൂലനം ചെയ്യപ്പെടേണ്ടതാണെന്ന തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ മാദ്ധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു പ്രമോദ് സാവന്ത് ഇക്കാര്യം പറഞ്ഞത്.
സനാതന ഹിന്ദു ധർമ്മത്തെ ആർക്കും ഉൻമൂലനം ചെയ്യാനാകില്ല. അനശ്വരതയിൽ നിന്നാണ് സനാതന ധർമ്മം വരുന്നത്. അത് അനശ്വരമായി തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡെങ്കിയും മലേറിയയും കോവിഡും പോലെ ഉൻമൂലനം ചെയ്യപ്പെടേണ്ടതാണ് സനാതന ധർമ്മം എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ വാക്കുകൾ. ഇതിനെതിരെ വ്യാപക രോഷമാണ് ഉയർന്നത്. ഹൈന്ദവ പുരോഹിതരും ബിജെപി നേതാക്കളുമടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സനാതന ഉൻമൂലനം സമ്മേളനത്തിലായിരുന്നു സ്റ്റാലിൻ ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തി സംസാരിച്ചത്.
മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപി ഇക്കുറി പരാജയപ്പെടുമെന്ന കോൺഗ്രസ് പ്രചാരണത്തിനും സാവന്ത് മറുപടി നൽകി. ബിജെപി ഇക്കുറി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് വിജയിക്കുമെന്നും വീണ്ടും ഭരണത്തിലേറുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കൊല്ലം അവസാനമാണ് മദ്ധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുക.
Discussion about this post