മാഡ്രിഡ് : 24000 വർഷങ്ങൾക്കു മുൻപുള്ള പാലിയോലിത്തിക്ക് ഗുഹാചിത്രങ്ങൾ കണ്ടെത്തിയിരിക്കുകയാണ് സ്പെയിനിലെ പുരാവസ്തു ഗവേഷകർ. സ്പെയിനിലെ കിഴക്കൻ വലൻസിയയിലെ മില്ലറെസ് മേഖലയിൽ സ്ഥിതി ചെയ്യുന്ന ക്യൂവ ഡോൺസ് എന്ന 1,600 അടി ഗുഹയുടെ ഏറ്റവും ഉൾഭാഗങ്ങളിൽ ആയാണ് ഈ പുരാതന കലാസൃഷ്ടി കണ്ടെത്തിയത്.
നൂറിലധികം തനതായ രൂപകല്പനകൾ ഈ പാലിയോലിത്തിക്ക് സൃഷ്ടിയിൽ കണ്ടെത്തിയിട്ടുണ്ട്.
ഗുഹയുടെ മൂന്ന് വ്യത്യസ്ത മേഖലകളിലായാണ് ഈ പുതിയ കണ്ടെത്തലുള്ളത്. ഏഴു കുതിരകളും ഒരു മാനും തിരിച്ചറിയാൻ കഴിയാത്ത ഏതാനും മൃഗങ്ങളുടെ ചിത്രങ്ങളും ഉൾപ്പെടുന്നതാണ് ഈ ഗുഹാ ചിത്രങ്ങൾ. ഇവയ്ക്ക് 24000 വർഷത്തോളം പഴക്കമുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. പരമ്പരാഗത ചിഹ്നങ്ങളും നിരവധി വരകളും വ്യക്തമാകാത്ത മറ്റു ചില ലിഖിതങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
ചുവന്ന കളിമണ്ണ് ഉപയോഗിച്ചാണ് പുരാതന ചിത്രകാരന്മാർ ഈ ചിത്രങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നതെന്ന് ഗവേഷകർ വെളിപ്പെടുത്തി. വിരലുകളും കൈകളും മാത്രം ഉപയോഗിച്ചാണ് ഈ ചിത്രങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നത്. ഈർപ്പമുള്ള ഗുഹാപരിസരമാണ് ആയിരക്കണക്കിന് വർഷങ്ങളോളം ഈ കലാസൃഷ്ടികളെ മായാതെ സംരക്ഷിക്കാൻ സഹായിച്ചതെന്നും ഗവേഷകർ വ്യക്തമാക്കി. അലികാന്റെ സർവകലാശാലയിലെ പ്രീ ഹിസ്റ്ററി സീനിയർ ലക്ചറർ ഡോ. വിർജീനിയ ബാർസിയേല, അലികാന്റെ സർവകലാശാലയിലെ അഫിലിയേറ്റഡ് ഗവേഷകനായ ഡോ. സിമോ മാർട്ടോറെൽ എന്നിവർ ഉൾപ്പെടുന്ന ഗവേഷക സംഘമാണ് ഈ ചരിത്ര പ്രാധാന്യമുള്ള കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
Discussion about this post