കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നാല് പേർക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത തുടരുകയാണ്. കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘം ഇന്ന് കോഴിക്കോട് ജില്ലയിൽ എത്തുന്നുണ്ട്. മൂന്ന് കേന്ദ്ര സംഘങ്ങളാണ് ഇന്ന് ജില്ലയിൽ എത്തുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ പരിശോധനാ സംഘവും ഐസിഎംആർ സംഘവും കോഴിക്കോട് എത്തും.
പകർച്ചവ്യാധി പ്രതിരോധ വിദ്ഗ്ധരാണ് മൂന്നാമത്തെ സംഘത്തിൽ ഉള്ളത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ ഇവർ കൈമാറും. അതേസമയം കോഴിക്കോട് ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്ത മേഖലകളിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.
മരുതോങ്കര, ആയഞ്ചേരി, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, കാവിലും പാറ, വില്ല്യപ്പള്ളി പഞ്ചായത്തുകളിലെ ഭൂരിഭാഗം വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ മാസ്‌ക് ധരിക്കുന്നതും നിർബന്ധമാക്കിയിട്ടുണ്ട്.












