പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ മേഖലയിൽ ആക്രമണം ശക്തമാക്കി പാക് താലിബാൻ ഭീകരർ(ടിടിപി). കഴിഞ്ഞ ആഴ്ച ഖൈബർ പഖ്തൂൺഖ്വയിലെ ചിത്രാലിൽ ചില ഗ്രാമങ്ങൾ ഭീകരർ കീഴടക്കിയിരുന്നു. പിന്നാലെ അർദ്ധസൈനിക വിഭാഗത്തിന്റെ വാഹനവ്യൂഹത്തിന് നേരെയും ഭീകരർ ആക്രമണം നടത്തി. ചിത്രാലിലെ പാകിസ്താൻ സൈനിക ആസ്ഥാനത്തേക്ക് ഭീകരർ അതിക്രമിച്ച് കയറുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭീകരർ പാകിസ്താന്റെ പതാകയ്ക്ക് നേരെ കല്ലെറിയുന്നതും വീഡിയോയിൽ വ്യക്തമാണ്.
ചിത്രാലിൽ ഉണ്ടായ താലിബാൻ ഭീകരാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ പാക് സൈന്യം കഴിഞ്ഞ ദിവസമാണ് പുറത്ത് വിടുന്നത്. കഴിഞ്ഞയാഴ്ച ഉണ്ടായ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടതായി സൈന്യത്തിന്റെ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. തുടർന്ന് സൈന്യം നടത്തിയ തിരിച്ചടിയിൽ ഏഴ് താലിബാൻ ഭീകരർ കൊല്ലപ്പെട്ടുവെന്നും ഐഎസ്പിആർ അറിയിച്ചു.
സൈനിക വാഹനത്തിന്റെ നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തെഹ്രീകെ താലിബാനും പ്രസ്താവന ഇറക്കിയിരുന്നു. അർദ്ധസൈനിക വിഭാഗമായ ഫ്രോണ്ടിയർ കോർപ്‌സിന്റെ വാഹനവ്യൂഹത്തെയാണ് ഭീകരർ ലക്ഷ്യമിട്ടിരുന്നത്. അഫ്ഗാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ചിത്രാൽ മേഖലയിൽ കഴിഞ്ഞ ഏതാനും നാളുകളായി താലിബാൻ ഭീകരർ ആക്രമണം ശക്തമാക്കി വരികയാണ്.
Discussion about this post