എറണാകുളം: സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് നടൻ ഉണ്ണി മുകുന്ദനെതിരെ ചുമത്തിയ കേസ് റദ്ദാക്കി ഹൈക്കോടതി. കേസ് ഒത്തുതീർപ്പായെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു കേസ് ഹൈക്കോടതി റദ്ദാക്കിയത്. സിനിമാ കഥ പറയാൻ എത്തിയ തന്നെ അപമാനിച്ചുവെന്ന് കാട്ടി യുവതി നൽകിയ പരാതിയിലാണ് നടനെതിരെ കേസ് എടുത്തത്.
2017 സെപ്തംബറിലായിരുന്നു സംഭവം. സിനിമയുടെ കഥ പറയാൻ നടന്റെ നിർദ്ദേശ പ്രകാരം ഫ്‌ളാറ്റിൽ എത്തിയ തന്നോട് ഉണ്ണി മുകുന്ദൻ മോശമായ രീതിയിൽ സംസാരിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. ഇതിന് പിന്നാലെ ഉണ്ണി മുകുന്ദൻ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി മറ്റൊരു പരാതി കൂടി കോട്ടയം സ്വദേശിനിയായ യുവതി നൽകി. ഇതോടെ കേസ് ഹൈക്കോടതിയിൽ എത്തുകയായിരുന്നു.
കേസ് പരിഗണിച്ചപ്പോൾ പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് യുവതി കോടതിയെ അറിയിച്ചിരുന്നു. കേസ് കോടതിയ്ക്ക് പുറത്ത് ഒത്തു തീർപ്പാക്കാൻ താത്പര്യപ്പെടുന്നതായും പറഞ്ഞിരുന്നു. ഇതേ തുടർന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോൾ കോടതി ഇതേക്കുറിച്ച് ആരായുകയായിരുന്നു. കേസ് ഒത്തുതീർപ്പായതായി യുവതി കോടതിയെ അറിയിച്ചു. ഇതോടെ കേസ് റദ്ദാക്കുകയായിരുന്നു. ജസ്റ്റിസ് പി. ഗോപിനാഥിന്റേതാണ് ഉത്തരവ്.
Discussion about this post