തിരുവനന്തപുരം: ക്ലിഫ് ഹൗസ് നവീകരണത്തിന്റെ പേരിൽ പിണറായി സർക്കാരിന്റെ ധൂർത്ത് നിയമസഭയിൽ തുറന്നുകാട്ടി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി കോട്ട കെട്ടി കോട്ടയ്ക്ക് അകത്തിരിക്കുകയാണ്. 43 ലക്ഷം രൂപയ്ക്ക് തൊഴുത്തുണ്ടാക്കി. മുന്തിയ ഇനം പശുക്കളെ കൊണ്ടുവന്നു. പശുക്കൾ ചുരത്താൻ എആർ റഹ്മാന്റെ പാട്ട് വരെ വച്ചിരിക്കുന്നു ഇതാണ് സത്യമെന്നും ചെന്നിത്തല പറഞ്ഞു.
അച്യുതാനന്ദനെപ്പോലെ 100 വയസിനടുത്തുളള മുഖ്യമന്ത്രി നടന്നുകയറിയ ക്ലിഫ് ഹൗസിൽ പിണറായി 25 ലക്ഷം രൂപ മുടക്കി ലിഫ്റ്റ് വെച്ചതിനെക്കുറിച്ച് കടകംപളളി ആഹ്ലാദത്തോടെയാണ് സംസാരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അച്യുതാനന്ദന് ലിഫ്റ്റ് വേണ്ടായിരുന്നു. കെ കരുണാകരന് ലിഫ്റ്റ് വേണ്ടായിരുന്നു. കേരളം ഏറ്റവും വലിയ സാമ്പത്തിക തകർച്ച നേരിടുന്ന കാലത്തിലും നിങ്ങൾ വസ്തുതകളെ മനസിലാക്കുന്നില്ല. പാഴ്ചിലവാണ് നടത്തുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
കെ കരുണാകരന് അസുഖം ബാധിച്ചപ്പോൾ നീന്തണമെന്ന് ഡോക്ടർമാർ ഉപദേശിച്ചു. അതനുസരിച്ച്
അവിടെ ഒരു നീന്തൽ കുളം ഉണ്ടാക്കി. അന്ന് ഇകെ നയനാർ പറഞ്ഞു ഇവിടെ പട്ടിയെ കുളിപ്പിക്കുമെന്ന്. ഇപ്പോ ക്ലിഫ് ഹൗസിൽ പട്ടിയാണോ കുട്ടിയാണോ കുളിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. സർക്കാരിന്റെ ജനവിരുദ്ധമായ നിലപാടുകളിൽ പുതുപ്പളളിയിലെ ജനങ്ങൾ നിങ്ങൾക്ക് ഒരു പാഠം തന്നു. തൃക്കാക്കരയിലെ ജനങ്ങൾ പാഠം തന്നിട്ടും പഠിച്ചില്ലെന്നും തെറ്റുകൾ ആവർത്തിച്ചുകൊണ്ടേ ഇരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
സർക്കാർ ഇപ്പോൾ കടമെടുക്കുന്നത് പലിശ കൊടുക്കാനാണ്. പലിശ കൊടുക്കാനല്ലാതെ എന്തിനാണ് സമയം ഉളളത്. വലിയ പലിശയ്ക്ക് മസാല ബോണ്ടുകൾ വഴി വായ്പയെടുക്കരുതെന്ന് നിയമസഭയിൽ തോമസ് ഐസക്കിന് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. കടം വാങ്ങുന്നത് ഏതെങ്കിലും വരുമാന വർദ്ധനവിന് വേണ്ടി വിനിയോഗിച്ചിട്ടുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. നിങ്ങളെപ്പോലെ ലക്കും ലഗാനുമില്ലാതെ ഇതുപോലെ കടം വാങ്ങിയ ഒരു സർക്കാർ കേരളത്തിലുണ്ടായിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Discussion about this post