ഇന്ത്യയിൽ നിന്നുളള അഭിഭാഷകരെ ക്രിക്കറ്റ് കളിക്കാൻ ക്ഷണിച്ച് പാകിസ്താൻ ബാർ കൗൺസിൽ. ഇരുരാജ്യങ്ങളിലെയും അഭിഭാഷകർ തമ്മിൽ സൗഹാർദ്ദം ഉറപ്പാക്കുന്നതിനും ബന്ധം ഊഷ്മളമാക്കാനും ലക്ഷ്യമിട്ടാണ് നീക്കം. വനിതാ അഭിഭാഷകരെയും ക്ഷണിച്ചിട്ടുണ്ട്.ഒക്ടോബറിൽ പാകിസ്താൻ സന്ദർശനം നടത്താനാണ് ക്ഷണം. അതിനുശേഷം ഇന്ത്യയിൽ വച്ച് മറ്റൊരു മത്സരവും നടത്താൻ ഉദ്ദേശിക്കുന്നു. മുതിർന്ന അഭിഭാഷകനും ഓൾ ഇന്ത്യ ബാർ അസോസിയേഷൻ ചെയർമാനുമായ ആദിഷ് സി അഗർവാലക്കാണ് പാകിസ്താൻ ബാർ കൗൺസിൽ ചെയർമാൻ ഹസൻ റാസ പാഷ ക്ഷണക്കത്ത് അയച്ചിരിക്കുന്നത്
ഇരുരാജ്യങ്ങളിലെയും അഭിഭാഷകർ തമ്മിലുള്ള ഐക്യവും സൗഹാർദവും വർദ്ധിപ്പിക്കാനാണ് ഇങ്ങനെയൊരു മത്സരം സംഘടിപ്പിക്കുന്നത്. വീക്ഷണങ്ങളും അനുഭവങ്ങളും ഇരുകൂട്ടർക്കും പരസ്പരം പങ്കുവെക്കാനും ഇരുരാജ്യങ്ങളിലെയും നിയമവ്യവസ്ഥയെ കൂടുതൽ മനസ്സിലാക്കാനും മത്സരം സഹായിക്കും.നിയമപരമായ വൈദഗ്ധ്യവും അറിവും വർദ്ധിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നും കത്തിൽ പറയുന്നു.
പാകിസ്താൻ ബാർ കൗൺസിലിൽ നിന്ന് ക്ഷണം ലഭിച്ചതായി ഡോക്ടർ ആദിഷ് അഗർവാലയും അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും അനുഭവപരിചയം നേടുന്നതിനും സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിനും ഈ സന്ദർശനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് ഇരുവരും ഫോൺ സംഭാഷണവും നടത്തി
ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം വെറുമൊരു കളി മാത്രമല്ല അതൊരു വൈകാരിക വിഷയം കൂടിയാണ്. ഇതിനെ രാഷ്ട്രീയത്തിൻ്റെ വേർതിരിവുകൾ മറികടന്നു ആസ്വദിക്കാൻ ആരാധകർക്ക് സാധിക്കാറുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിടവ് നികത്താനുള്ള ഒരു അവസരം കൂടിയാണിത്. മത്സരത്തെ ആരോഗ്യപരമായി സമീപിക്കാനും ആസ്വദിക്കാനും പരസ്പരം അഭിനന്ദിക്കാനും ആരാധകർക്ക് ക്രിക്കറ്റിലൂടെ സാധിക്കാറുണ്ട്.ഇതും അത്തരമൊരു അവസരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കറാച്ചി, റാവൽ പിണ്ടി എന്നീ നഗരങ്ങളിൽ വെച്ചാണ് പുരുഷ, വനിതാ ക്രിക്കറ്റ് മൽസരങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയം,ആഭ്യന്തര മന്ത്രാലയം,നിയമ-നീതി മന്ത്രാലയം, കായിക മന്ത്രാലയം എന്നിവിടങ്ങളിൽ നിന്ന് അനുമതിക്കു വേണ്ടി അപേക്ഷ നൽകിയിട്ടുണ്ടെന്നും ആദിഷ് അഗർവാല അറിയിച്ചു.
Discussion about this post