ന്യൂഡൽഹി: രാജ്യത്തെ നാല് വിമാനത്താവളങ്ങളിൽ ഫുൾബോഡി സ്‌കാനറുകൾ വരുന്നു. ഇതിനായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് അനുമതി ലഭിച്ചു. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ബോർഡ് ആണ് ഇതിനുളള അനുമതി നൽകിയത്.
സുരക്ഷാ പരിശോധനയ്ക്കായി യാത്രക്കാർ കാത്തുനിൽക്കുന്ന സമയം പകുതിയായി കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. കൊൽക്കത്ത, ചെന്നൈ, പൂനെ, ഗോവ എയർപോർട്ടുകളിലാണ് ഫുൾ ബോഡി സ്‌കാനറുകൾ വരിക.
ജൂലൈയിൽ 131 ഫുൾ ബോഡി സ്‌കാനറുകൾക്കായി സർക്കാർ ടെൻഡർ വിളിച്ചിരുന്നു. നിലവിൽ 30 സെക്കൻഡുകളാണ് സ്‌കാനിങ് പരിശോധനയ്ക്ക് ഒരു യാത്രക്കാരന് വേണ്ടി വരുന്നത്. ഫുൾ ബോഡി സ്‌കാനറുകൾ വരുന്നതോടെ ഇത് 15 സെക്കൻഡുകളായി ചുരുങ്ങും.
600 ബഗേജ് സ്‌കാനറുകൾക്കും ടെൻഡർ നൽകിയിരുന്നു. ആയിരം കോടി രൂപയാണ് ചിലവ് കണക്കുകൂട്ടിയിരുന്നത്. രാജ്യത്തെ 43 വിമാനത്താവളങ്ങളിലായി ഫുൾ ബോഡി സ്‌കാനറുകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി.
എന്നാൽ 500 കോടിക്ക് മുകളിലുളള പദ്ധതികൾക്ക് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ബോർഡിന്റെ ക്ലിയറൻസ് വാങ്ങണമെന്നാണ് നിയമം. ഇതേ തുടർന്ന് പിന്നീട് ടെൻഡർ പിൻവലിക്കുകയായിരുന്നു.
Discussion about this post