തൃശ്ശൂർ: ചാവക്കാട് മകനെയും കുടുംബത്തെയും തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് പിതാവ്. ചിറക്കോട് സ്വദേശി ജോൺസനാണ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിന് പിന്നാലെ ജോൺസൺ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ചിറക്കോട് സ്വദേശി ജോജി, ഭാര്യ ലിജി എന്നിവർക്കും 12 വയസ്സുള്ള ഇവരുടെ മകനും നേരെയാണ് ആക്രമണം ഉണ്ടായത്. കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. സാരമായി പൊള്ളലേറ്റ ജോജിയുടെയും ലിജിയുടെയും നില ഗുരുതരമാണ്.
കുടുംബ വഴക്കിനെ തുടർന്നാണ് കൊലപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് വിവരം. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ജാൺസണും ഭാര്യയും മകന്റെ കുടുംബവുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഭാര്യയെ മുറിയിൽ പൂട്ടിയിട്ട ശേഷം തൊട്ടടുത്ത മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ജോജിയുടെ മുറിയിൽ എത്തുകയായിരുന്നു. തുടർന്ന് ഇവരുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തി.
തീ ആളുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ ആയിരുന്നു രക്ഷാ പ്രവർത്തനം നടത്തിയത്. ലിജിയും ജോജിയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ഇതിന് പിന്നാലെ ജോൺസണ് വേണ്ടി നാട്ടുകാർ തിരച്ചിൽ നടത്തി. തുടർന്ന് വീടിന്റെ ടെറസിൽ നിന്നും ഇയാളെ കണ്ടെത്തുകയായിരുന്നു. നിലവിൽ തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ജോൺസൺ. ഇയാളുടെ നിലയും ഗുരുതരമാണ്.












