കൊച്ചി: മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ച കടമക്കുടിയിലെ ദമ്പതികളെ മരണശേഷവും വിടാതെ ഓൺലൈൻ ലോൺ ആപ്പുകൾ. മരണം സംഭവിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴും ഓൺലൈൻ വായ്പാ സംഘത്തിന്റെ ഭീഷണി ഇപ്പോഴും തുടരുകയാണ്. മരിച്ച ശിൽപ്പയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കൂടുതൽ ആളുകളുടെ വാട്‌സ്ആപ്പിലേക്ക് എത്തുന്നുണ്ട്. വ്യത്യസ്ത നമ്പറുകളിൽ നിന്നാണ് സന്ദേശവും ചിത്രങ്ങളും എത്തുന്നത്.
നിജോയുടെ ഫോണിലേക്കും ആശാപ്രവർത്തകർ അടക്കമുള്ളവരുടെ ഫോണുകളിലേക്കുമാണ് ഈ സന്ദേശങ്ങൾ എത്തുന്നത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഓൺലൈൻ ആപ്പിൽ നിന്ന് ലോൺ എടുത്ത വിവരം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണ് നിജോയുടെ സഹോദരൻ പറയുന്നത്. മരണശേഷം ബന്ധുക്കൾക്ക് സന്ദേശങ്ങൾ ലഭിച്ചതിന് ശേഷമാണ് ലോൺ ആപ്പിന്റെ കാര്യം മനസിലാകുന്നതെന്നും സഹോദരൻ പറയുന്നു.
നിജോയുടേയും ശിൽപ്പയുടേയും ഫോണുകൾ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഓൺലൈൻ വായ്പാ ഇടപാടുകാർ മോർഫ് ചെയ്ത ഫോട്ടോ അയച്ച് കൊടുത്ത 25 പേരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ശിൽപയുടെ അക്കൗണ്ടിൽനിന്നു 9300 രൂപ വായ്പയുടെ ഗഡുവായി നൽകിയതിന്റെ തെളിവ് പോലീസിനു ലഭിച്ചിട്ടുണ്ട്. എത്ര രൂപയാണ് ഓൺലൈൻ വായ്പയായി വാങ്ങിയതെന്ന വിവരവും അറിവായിട്ടില്ല. കഴിഞ്ഞ മാസം തിരിച്ചടവ് മുടങ്ങിയതോടെയാണ് വായ്പ നൽകിയ ഓൺലൈൻ സംഘം ശിൽപ്പയുടെ ഫോണിലേക്ക് മോർഫ് ചെയ്ത ചിത്രങ്ങളും ഭീഷണി സന്ദേശങ്ങളും അയച്ചു തുടങ്ങിയത്.
Discussion about this post